ഗവർണർ നയപ്രഖ്യാപനം വായിക്കാതിരുന്നാലും അത് ഇല്ലാതാകില്ലെന്ന് മുഖ്യമന്ത്രി തെളിയിച്ചതായി മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഗവർണർ അസാധാരണ നടപടിയെടുത്തപ്പോൾ മുഖ്യമന്ത്രി അതിനൊത്ത അസാധാരണ നടപടി സ്വീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ഗവർണറുടെ ഭരണഘടനാവിരുദ്ധ നടപടികളെ തുറന്നെതിർക്കാൻ പോലും പ്രതിപക്ഷ നേതാവിന് ധൈര്യമില്ലാതായതായും മന്ത്രി വിമർശിച്ചു. അതുകൊണ്ടാണ് ഇന്നത്തെ സഭാനടപടികളെ പ്രതിപക്ഷ നേതാവ് “നാടകം” എന്ന് വിശേഷിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും നടത്തി ഗവർണർ സഭയിൽ പ്രസംഗിച്ചതിനെ തുടർന്ന്, ഒഴിവാക്കിയ മുഴുവൻ ഭാഗങ്ങളും മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ വായിക്കുകയായിരുന്നു.
ശബരിമല സ്വർണക്കൊള്ള വിഷയത്തിലും മന്ത്രി പ്രതികരിച്ചു. പ്രതിപക്ഷ നേതാവിന്റെ പഴയ ആവേശം ഇപ്പോൾ കാണാനില്ലെന്നും, യുഡിഎഫ് കാലത്തെ അഴിമതികൾ പുറത്തുവരുമെന്ന് വ്യക്തമായതോടെയാണ് ആ ആവേശം നഷ്ടപ്പെട്ടതെന്നും അദ്ദേഹം പരിഹസിച്ചു. വാജിവാഹനം കൈമാറിയ സംഭവത്തെ പോലും പ്രതിപക്ഷ നേതാവ് ന്യായീകരിക്കുന്ന നിലയിലാണെന്നും എം.ബി. രാജേഷ് കൂട്ടിച്ചേർത്തു.
