അന്താരാഷ്ട്ര ഭൂപടത്തിൽ ഏറ്റവും നിർണായകമായ തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ പുതിയ അധ്യായമാണ് ഇതിലൂടെ തുറക്കപ്പെടുന്നതെന്നും, ആഗോള തുറമുഖ വ്യാപാര രംഗത്ത് വിഴിഞ്ഞം വിസ്മയകരമായ മുന്നേറ്റം കൈവരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നാടിന്റെ വലിയ സ്വപ്നമായിരുന്നു വിഴിഞ്ഞം പദ്ധതി. ആ സ്വപ്നം യാഥാർത്ഥ്യമാകാൻ പതിറ്റാണ്ടുകളായി നിരവധി തടസ്സങ്ങളും വെല്ലുവിളികളും നേരിടേണ്ടി വന്നതായി അദ്ദേഹം പറഞ്ഞു. പദ്ധതി നടപ്പാക്കുന്ന ഓരോ ഘട്ടത്തിലും പ്രതിബന്ധങ്ങൾ ഉണ്ടായെങ്കിലും വികസനത്തിന്റെ വഴിയിൽ നിൽക്കാതെ മുന്നോട്ട് പോകുക എന്നതാണ് സർക്കാർ സ്വീകരിച്ച നിലപാടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
2016ന് മുമ്പ് യുഡിഎഫ് ഭരണകാലത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചതെങ്കിലും അതിന്റെ നടപ്പാക്കൽ ഉത്തരവാദിത്തം എൽഡിഎഫ് സർക്കാരിനാണ് ഏറ്റെടുക്കേണ്ടി വന്നത്. നാടിന്റെ വികസനത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സർക്കാർ സ്വീകരിച്ചതെന്നും, ജനങ്ങളുടെ ആവശ്യങ്ങൾ മുൻനിർത്തിയാണ് എല്ലാ തടസ്സങ്ങളും അതിജീവിച്ചതെന്നും അദ്ദേഹം പറഞ്ഞു. വികസന പ്രവർത്തനങ്ങൾക്ക് അദാനി ഗ്രൂപ്പിന്റെ മികച്ച പിന്തുണയും ലഭിച്ചുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
“ഇവിടെ ഒന്നും ശരിയായി നടക്കില്ല” എന്ന ആക്ഷേപത്തിന് വിഴിഞ്ഞം പോലുള്ള പദ്ധതികൾ യാഥാർത്ഥ്യമാക്കി കൊണ്ടാണ് സർക്കാർ മറുപടി നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. പരിഹസിച്ചവർക്കും വിമർശിച്ചവർക്കും മുന്നിൽ, കേരളത്തിൽ വലിയ പദ്ധതികൾ വിജയകരമായി നടപ്പാക്കാൻ കഴിയുമെന്ന് തെളിയിക്കാൻ ഇടതുസർക്കാരിന് കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഒന്നാംഘട്ടം പൂർത്തിയായതോടെ തന്നെ വിഴിഞ്ഞം കേരളത്തിന്റെ സുപ്രധാന സാമ്പത്തിക നട്ടെല്ലായി മാറിയതായി മുഖ്യമന്ത്രി പറഞ്ഞു. യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും പ്രാദേശിക വികസനം സാധ്യമാക്കാനും തുറമുഖം സഹായകമായി. ഇന്ത്യയുടെ ചരക്ക് നീക്ക രംഗത്ത് കേരളം ശക്തമായ സാന്നിധ്യമായി മാറുകയാണെന്നും, ഇത് വെറും വാഗ്ദാനമല്ല, കണ്മുന്നിൽ കാണുന്ന യാഥാർത്ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്തിന് മുമ്പ് ആരംഭിച്ച നിരവധി തുറമുഖങ്ങളെ പിന്നിലാക്കിയാണ് ഈ മുന്നേറ്റമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്ത് ആദ്യമായി വനിതകളെ ഓട്ടോമാറ്റിക് ക്രെയിൻ ഓപ്പറേറ്റർമാരായി നിയമിച്ചത് കേരളത്തിന്റെ അഭിമാന നേട്ടമാണെന്നും, സ്ത്രീസൗഹൃദ കേരളത്തിന്റെ മറ്റൊരു ഉദാഹരണമായി ഇത് മാറിയതായും മുഖ്യമന്ത്രി പറഞ്ഞു. ആഡംബര ക്രൂയിസ് കപ്പലുകൾക്കും ഇനി വിഴിഞ്ഞത്ത് എത്തിച്ചേരാനാകുമെന്നും, ഇത് സംസ്ഥാനത്തിന്റെ ടൂറിസം മേഖലയ്ക്ക് വലിയ ഉത്തേജനം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
