ആൻ്റോ ആൻ്റണി എംപിക്കെതിരെ വിജിലൻസിന് പരാതി. പണമിടപാട് ആരോപണത്തിൽ കേസടുത്ത് അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ ആവശ്യം. സുപ്രീം കോടതി അഭിഭാഷകൻ സുഭാഷ് തീക്കാടനാണ് കേരള വിജിലൻസിന് പരാതി നൽകിയിരിക്കുന്നത്.

തിരുവല്ല ആസ്ഥാനമായ നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ.എം രാജു ഉന്നയിച്ച വെളിപ്പെടുത്തലുകൾ ആൻ്റോ ആൻറണി എംപിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിക്ഷേപകരുടെ പണത്തിൽ നിന്നും രണ്ട് കോടി രൂപ ആന്റോ ആന്റണി എംപിക്ക് നൽകിയെന്നും, കഴിഞ്ഞ ഏഴു വർഷമായി ഇത് തിരികെ ചോദിച്ചു പിന്നാലെ നടക്കുകയാണെന്നുമാണ് രാജുവിന്റെ ആരോപണം.

എന്നാൽ ആരോപണങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടാനാണ് ആന്റോ ആന്റണിയുടെ തീരുമാനം. രാജു യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോൾ തെരഞ്ഞെടുപ്പ് സഹായമായി നൽകിയ തുകയാണെന്നും, അത് കൃത്യമായി തിരികെ നൽകിയെന്നും എംപി വാദിക്കുന്നു.