തൃശൂരിൽ ബിജെപിക്ക് ഭീഷണി ഉയർത്തി മുൻ ജില്ലാ പ്രസിഡന്റ് ശ്രീശൻ അടിയാട്ട്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനുള്ള തീരുമാനം ആർ.എസ്.എസ്–ബിജെപി അനുഭാവികളുടെയും പ്രവർത്തകരുടെയും യോഗത്തിൽ അദ്ദേഹം പ്രഖ്യാപിച്ചു.
ത്രികോണ മത്സരം ശക്തമാകുമെന്നും വിജയസാധ്യതയുള്ള മണ്ഡലത്തിലാണ് ശ്രീശൻ രംഗത്തിറങ്ങുന്നതെന്നും വിലയിരുത്തപ്പെടുന്നു. മുൻ ജില്ലാ പ്രസിഡന്റും സംസ്ഥാന പ്രചാരണ സമിതി ചെയർമാനുമായിരുന്ന ശ്രീശന് ഹിന്ദുത്വ വോട്ടുകളെ സ്വാധീനിക്കാൻ കഴിയുമെന്ന ആശങ്ക പാർട്ടിക്കുള്ളിലുണ്ട്.
2009ൽ സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് ബിജെപിയിൽ നിന്ന് പുറത്താക്കിയ ശ്രീശനെ 17 വർഷം കഴിഞ്ഞിട്ടും തിരിച്ചെടുക്കാത്ത നേതൃത്വത്തിന്റെ സമീപനത്തിനെതിരായ പ്രതിഷേധമായാണ് മത്സരിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം ‘24’നോട് പറഞ്ഞു. 16 വർഷമായി പാർട്ടിക്ക് പുറത്തു നിൽക്കുന്ന തന്നെ തിരിച്ചെടുക്കാൻ രാജീവ് ചന്ദ്രശേഖരൻ തയ്യാറായിരുന്നുവെങ്കിലും ചിലർ സ്വാർത്ഥലാഭത്തിനായി അത് തടസ്സപ്പെടുത്തിയതായും ശ്രീശൻ ആരോപിച്ചു.
തൃശൂരിൽ വെറും 15,000 അംഗങ്ങളുണ്ടായിരുന്ന ബിജെപിയെ ഒരു ലക്ഷത്തി മുപ്പതിനായിരം അംഗങ്ങളുള്ള പാർട്ടിയായി വളർത്തിയതും പാർട്ടിക്ക് ആസ്ഥാനമന്ദിരം നിർമിച്ചതും തന്റെ കാലത്താണെന്നും അദ്ദേഹം വ്യക്തമാക്കി. താൻ തിരിച്ചുവന്നാൽ ചിലർക്കുള്ള ഇപ്പോഴത്തെ സുഖസൗകര്യങ്ങൾ നഷ്ടപ്പെടുമെന്ന ഭയമാണ് എതിർപ്പിന് പിന്നിലെന്നും ശ്രീശൻ പറഞ്ഞു.
