ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ഉഷാ ജോസഫിന്റെ ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ ഗുരുതര വീഴ്ചയിൽ വിശദമായ അന്വേഷണത്തിന് ആരോഗ്യ മന്ത്രി വീണാ ജോർജ് ഉത്തരവിട്ടു. സംഭവം അത്യന്തം വേദനയുണ്ടാക്കുന്നതാണെന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദഗ്ധ സമിതിയെ നിയോഗിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുകയും റിപ്പോർട്ട് പോലീസിന് കൈമാറുകയും ചെയ്യും.

നിലവിൽ സർവീസിലുള്ള ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യാനാണ് തീരുമാനം. 2021 മെയ് മാസം നടന്ന ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുമെന്നും വീട്ടിൽ പോയി ഡോക്ടറെ കണ്ടുവെന്ന ബന്ധുക്കളുടെ പരാതി അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നോൺ പ്രാക്ടീസിങ് അലവൻസ് വാങ്ങുന്ന ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നുണ്ടോ എന്ന കാര്യവും പണം വാങ്ങിയെന്ന ആരോപണവും അന്വേഷണ പരിധിയിൽ വരും. ശസ്ത്രക്രിയ ഉപകരണങ്ങൾ എണ്ണിത്തിട്ടപ്പെടുത്തുന്നതിൽ ഡോക്ടർക്കും സ്ക്രബ് നേഴ്സിനും തുല്യ ഉത്തരവാദിത്വമുണ്ടെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.

മെഡിക്കൽ കോളേജുകളിൽ എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും വ്യക്തിപരമായ വീഴ്ചകൾ മൂലം പ്രോട്ടോക്കോൾ ലംഘനം നടക്കുന്നത് ഗൗരവകരമാണ്. ശസ്ത്രക്രിയ ഉപകരണങ്ങൾ വയറ്റിലിരുന്നാലും പ്രശ്നമില്ലെന്ന തരത്തിലുള്ള നിലപാടുകൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. ഇത്തരം വീഴ്ചകളിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു ദാക്ഷിണ്യവും ഉണ്ടാകില്ലെന്നും, സാധാരണക്കാർ അനുഭവിക്കുന്ന വേദനയ്ക്ക് പരിഹാരം കാണുക എന്നതാണ് സർക്കാരിന്റെ നയമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഉഷാ ജോസഫിന്റെ തുടർചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും. ശസ്ത്രക്രിയ ഉൾപ്പെടെയുള്ള നടപടികൾക്ക് സർക്കാർ നേരിട്ട് മേൽനോട്ടം വഹിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. ഉഷാ ജോസഫിന്റെ കുടുംബവുമായി സംസാരിച്ചതായും നീതി ഉറപ്പാക്കാൻ സർക്കാർ ഒപ്പമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.