മുണ്ടക്കൈ-ചൂരല്‍മല മഹാദുരന്തത്തെ അതിജീവിച്ചവര്‍ പുതിയ വീടുകളിലേക്ക് മടങ്ങുമ്പോള്‍ സന്തോഷം പങ്കുവച്ച് റവന്യൂ മന്ത്രി കെ രാജന്‍. വികാരഭരിതമായിട്ടുള്ള ഓര്‍മ്മകളുടെ ഒരു തിരതള്ളിച്ചാട്ടമാണ് മനസില്‍ ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരുമിച്ച് ഒരു ടൗണ്‍ഷിപ്പ് ദുരന്തബാധിതരുടെ ആശയമാണെന്ന് അദ്ദേഹം പറഞ്ഞു.

അഭിമാനത്തോടെ ആണ് സര്‍ക്കാര്‍ വീടുകള്‍ കൈമാറുന്നത്. മുന്‍ഗണന കണക്കാക്കിയത് വീടുകള്‍ക്കാണ്. അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഈ ആഴ്ച തന്നെ സംരംഭകര്‍ക്കുള്ള നഷ്ടപരിഹാരം കൂടി വിതരണം ചെയ്യും – അദ്ദേഹം പറഞ്ഞു.

മുന്‍ഗണന കണക്കാക്കിയിട്ടുള്ളത് വീടുകള്‍ക്കാണ്. ദുരന്തം നടന്ന 62ാം ദിവസം ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള പ്രഖ്യാപനം നടന്നെങ്കിലും തറക്കല്ലിടാന്‍ അവസരം കിട്ടിയത് മാര്‍ച്ച് അവസാനത്തിലാണ്. അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആ നടപടിക്രമങ്ങള്‍ കൂടി നടന്ന് പൂര്‍ത്തീകരിക്കുമ്പോഴാണ് ടൗണ്‍ഷിപ്പ് എന്ന ആശയം പൂര്‍ണ്ണമായിട്ട് പൂര്‍ത്തീകരിക്കുക. പക്ഷെ ആദ്യഘട്ടത്തിലെ സുരക്ഷിതമായിട്ടുള്ള വീടുകളിലേക്കാണ് വലതുകാല്‍ വച്ച് പ്രവേശിക്കുന്നത് – അദ്ദേഹം പറഞ്ഞു.

410 വീടുകളുടെ നിര്‍മ്മാണമാണ് എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ ആരംഭിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഏതാണ്ട് തൊണ്ണൂറ് ശതമാനത്തോളം പൂര്‍ത്തീകരിക്കപ്പെടുന്ന പ്രത്യേകമായിട്ടുള്ള ഒരു ഘട്ടത്തിലാണ് ആദ്യഘട്ടത്തിലെ ഉപഭോക്താക്കളായിട്ടുള്ള 178 പേര്‍ക്ക് അവരുടെ സ്ഥലം ഉറപ്പിച്ച് അവരുടെ വീടുകള്‍ കൈമാറാന്‍ തീരുമാനിച്ചത്. അതോടൊപ്പം, ആ കുടുംബങ്ങള്‍ക്കുള്ള ആ പട്ടയം കൈമാറാനും അടക്കമുള്ള നടപടിക്രമങ്ങളിലേക്ക് നമ്മള്‍ കടക്കുകയാണ്.

തുടര്‍ പ്രവര്‍ത്തനങ്ങളും ഉടനെ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബാക്കി two Aയും two Bയും ഉള്‍പ്പെടെയുള്ള ഫേസുകളില്‍കളില്‍ ഇപ്പോള്‍ തയാറാക്കിയിട്ടുള്ള മുഴുവന്‍ ആളുകള്‍ക്കും ആദ്യത്തെ മഴത്തുള്ളി വയനാട്ടിലെ കല്‍പ്പറ്റയില്‍ വീഴുന്നതിന് മുന്‍പേ സുരക്ഷിതമായിട്ടുള്ള ഭവനത്തിന്റെ താക്കോല്‍ കൈമാറാനുള്ള നടപടിക്രമങ്ങളും അതിവേഗം നടന്നുവരുന്നുണ്ട്.

കേവലം വീടുകള്‍ മാത്രമല്ല, വീടുകള്‍ ഉള്‍പ്പെടുന്ന ഒരു നഗരമാണ് കേരളത്തിലെ മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടി, രാഷ്ട്രീയത്തിനതീതമായി ഗവണ്‍മെന്റിന്റെ പേരില്‍ നാം സമ്മാനിക്കാന്‍ ഉദ്ദേശിക്കുന്നത്. അവിടെ നഗരം മാത്രമല്ല, അനുബന്ധ കാര്യങ്ങളെല്ലാം, അംഗനവാടിയും, മാര്‍ക്കറ്റും, സിനിമാ തിയേറ്ററും, സ്‌കൂളും, ആരോഗ്യകേന്ദ്രവുമെല്ലാം അടക്കം ഒരു സംസ്‌കാര സമ്പന്നമായിട്ടുള്ള സമൂഹത്തിനകത്ത്, എന്തെല്ലാമാണോ ആവശ്യം അതെല്ലാം കൂട്ടിയോജിപ്പിക്കാവുന്ന ഒരു പുതുനഗരമാണ് ഉയരുന്നുത്.