എൽഡിഎഫ് സംഘടിപ്പിച്ച മേഖലാ ജാഥകൾ വൻ വിജയമാണെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നണി ശക്തമായി തിരിച്ചുവരുമെന്നും കൺവീനർ ടി.പി. രാമകൃഷ്ണൻ. തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലങ്ങളിൽ നിന്ന് വ്യത്യസ്തമായി വലിയ ജനപിന്തുണയാണ് ജാഥകൾക്ക് ലഭിച്ചത്.

ഇത് എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിലെത്തുമെന്നതിന്റെ വ്യക്തമായ സൂചനയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഇതിൽ വിറളിപൂണ്ട യുഡിഎഫ് സംസ്ഥാനത്ത് വ്യാപകമായ നുണപ്രചരണങ്ങളും ഒറ്റപ്പെട്ട അക്രമങ്ങളും അഴിച്ചുവിടുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരായ അതിക്രമങ്ങൾ രാഷ്ട്രീയമായി നേരിടുമെന്ന് ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി. മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ചു കയറുന്നതും പത്തനംതിട്ട ജില്ലയെ സംഘർഷഭരിതമാക്കാൻ ശ്രമിക്കുന്നതും ജനാധിപത്യത്തിന് ചേർന്നതല്ല. ഇത്തരം അക്രമങ്ങളെ എൽഡിഎഫ് സംസ്ഥാന കമ്മിറ്റി ശക്തമായി അപലപിക്കുന്നു.

അക്രമ രാഷ്ട്രീയത്തിൽ നിന്ന് കോൺഗ്രസും യുഡിഎഫും അടിയന്തരമായി പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനകീയ വികാരം എൽഡിഎഫിന് അനുകൂലമാണെന്നും ഭരണത്തുടർച്ച ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.