കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രി വീണാ ജോർജിന് നേരെ നടന്നത് വെറും പ്രതിഷേധമല്ലെന്നും മറിച്ച് ആസൂത്രിതമായ ഗുണ്ടായിസവും ഗൂഢാലോചനയുമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. ആരോഗ്യമേഖലയിലെ സർക്കാരിന്റെ നേട്ടങ്ങളെ തകർക്കാനും സ്വകാര്യ ആശുപത്രി ലോബികളെ സഹായിക്കാനുമാണ് ഇത്തരം അക്രമങ്ങളിലൂടെ പ്രതിപക്ഷം ശ്രമിക്കുന്നത്.

ഒരു വനിതാ മന്ത്രിയെ ഇത്തരത്തിൽ ബോധപൂർവ്വം കടന്നാക്രമിക്കുന്ന രീതി കേരളത്തിന് പരിചിതമല്ലെന്നും ഇതിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർത്തുമെന്നും അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു.

മന്ത്രിക്ക് നേരെ ആക്രമണം ഉണ്ടായിട്ടില്ലെന്ന വി.ഡി. സതീശന്റെ വാദങ്ങൾ നുണയാണെന്നും ദൃശ്യങ്ങൾ പരിശോധിച്ചാൽ സത്യം വ്യക്തമാകുമെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു. കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന ഇത്തരം അക്രമങ്ങളെ ജനാധിപത്യപരമായ പ്രതിഷേധമായി കാണാനാവില്ല. സതീശന്റെ നേതൃത്വത്തിൽ നുണകൾ പ്രചരിപ്പിച്ച് അക്രമികളെ സംരക്ഷിക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. ഇത്തരം പ്രവണതകളെ കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം വ്യക്തമാക്കി.