കഴിഞ്ഞ പത്ത് വർഷത്തിനിടെ നാലര ലക്ഷം കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്ത് പുതുചരിത്രം എഴുതി എൽഡിഎഫ് സർക്കാർ . ഈ നേട്ടത്തിന് പിന്നാലെ ഇന്ന് സംസ്ഥാനതല പട്ടയ വിതരണ മേള ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തു . ഓൺലൈൻ വഴിയായിരുന്നു ഉദ്ഘാടനം. കേരളീയർക്ക് അഭിമാനവും സന്തോഷവും പകരുന്ന ചടങ്ങാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറച്ച് സമയം കൂടി ലഭിച്ചാൽ പട്ടയ വിതരണം അഞ്ച് ലക്ഷം എന്ന നേട്ടത്തിലേക്ക് എത്തിക്കാനാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

പ്രതിപക്ഷത്തിനെതിരെ പരോക്ഷ വിമർശനം

ഇത്തരം നേട്ടങ്ങളെ പോലും ആപത്തായി കാണുന്ന ഒരു വിഭാഗമുണ്ടെന്ന് പരോക്ഷമായി പ്രതിപക്ഷത്തെ വിമർശിച്ച മുഖ്യമന്ത്രി, എന്നാൽ കേരളത്തിലെ ജനങ്ങൾക്ക് അത്തരമൊരു ചിന്താഗതി ഇല്ലെന്ന് പറഞ്ഞു. രാഷ്ട്രീയ, ജാതി, മത ഭേദമില്ലാതെ എല്ലാവരും സഹകരിച്ചതിനാലാണ് ഈ നേട്ടം സാധ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വികസനത്തിൽ കേരളം മുന്നിൽ

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളം വികസനത്തിൽ മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ എത്തുന്നതിന് മുൻപ് പ്രതിസന്ധികൾ നിറഞ്ഞ കാലഘട്ടം ഉണ്ടായിരുന്നുവെന്നും, അത് യുഡിഎഫ് ഭരണകാലമായിരുന്നുവെന്നും അദ്ദേഹം പരാമർശിച്ചു.

ഇത് യു‍ഡിഎഫ്-എൽഡിഎഫ് രാഷ്ട്രീയ വിവാദമല്ല, നയപരമായ വ്യത്യാസമാണെന്നും, ബി.ജെ.പി.യും കോൺഗ്രസും ഒരേ സാമ്പത്തിക-സാമൂഹിക നയങ്ങളാണ് പിന്തുടരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.