യുഎസ്, ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി (86) കൊല്ലപ്പെട്ടുവെന്നതിന് സ്ഥിരീകരണം. ഖമനേയിയെ വധിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശവാദ മുന്നയിച്ചതിനു പിന്നാലെയാണ് ഇറാന്റെ സ്ഥിരീകരണം.
ഇറാന്റെ സൈനികം, വിദേശനയം, ജുഡീഷ്യറി എന്നീ നിര്‍ണായക മേഖലകളിലെല്ലാം അന്തിമ തീരുമാനം എടുക്കുന്ന നേതാവാണ് ഇല്ലാതായിരിക്കുന്നത്. യുഎസ്, ഇസ്രയേല്‍ സംയുക്ത ആക്രമണത്തിന്റെ അനന്തരഫലം എന്തായിരിക്കുമെന്ന ആശങ്കയിലാണ് പശ്ചിമേഷ്യയും ലോകവും. ഖമനേയിയുടെ കൊലപാതകികളെ വെറുതെ വിടില്ലെന്ന് ഇതിനകം തന്നെ ഇറാന്‍ വ്യക്തമാക്കി കഴിഞ്ഞു. കനത്ത തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പും ഇറാന്‍ നല്‍കിയിട്ടുണ്ട്.
1989 ല്‍ മുന്‍ഗാമി ആയത്തുള്ള റൂഹുള്ള ഖമനേയിയുടെ മരണ ശേഷമാണ് ആയത്തുള്ള അലി ഖമനേയി ഇറാന്റെ പരമോന്നത നേതാവാകുന്നത്. പഹ്ലവി രാജഭരണത്തിന് അന്ത്യം കുറിച്ച വിപ്ലവത്തിന് പിന്നിലെ പ്രത്യയശാസ്ത്ര കരുത്ത് റൂഹുള്ള റൂഹുള്ള ഖമനേയി ആയിരുന്നെങ്കില്‍, ശത്രുക്കള്‍ക്കെതിരെയുള്ള ഇറാന്റെ പ്രതിരോധമായും അതിര്‍ത്തികള്‍ക്കപ്പുറം രാജ്യത്തിന്റെ സ്വാധീനമായും വര്‍ത്തിക്കുന്ന സൈനിക-അര്‍ധസൈനിക സംവിധാനങ്ങളെ രൂപപ്പെടുത്തിയത് ഖമനേയിയായിരുന്നു.
രാജ്യത്തിന്റെ പരമോന്നത നേതാവാകുന്നതിനു മുമ്പ് 1980-കളില്‍ ഇറാഖുമായുള്ള യുദ്ധസമയത്ത് ഇറാന്റെ പ്രസിഡന്റായും ഖമനേയി സേവനമനുഷ്ഠിച്ചിരുന്നു. 36 വര്‍ഷം നീണ്ട ഖമനേയിയുടെ ഭരണത്തിന്‍ കീഴിലാണ് ഇറാന്‍ അമേരിക്കന്‍ വിരുദ്ധ ശക്തിയായി വളര്‍ന്നത്. മിഡില്‍ ഈസ്റ്റിലുടനീളം സൈനിക സ്വാധീനം വ്യാപിപ്പിക്കുന്നതോടൊപ്പം ആഭ്യന്തര സംഘര്‍ഷങ്ങളെ നേരിടുന്നതിലും ഖമനേയി വിജയിച്ചു. ടെഹ്‌റാനിലെ ഔദ്യോഗിക ഓഫീസില്‍ വെച്ചാണ് ഖമനേയി കൊല്ലപ്പെട്ടതെന്നാണ് സ്ഥിരീകരണം.
