മുണ്ടക്കൈ-ചൂരൽമല ദുരിതബാധികതർക്കുള്ള പുനരധിവാസത്തിൻ്റെ ഒന്നാംഘട്ടം മുഖ്യമന്ത്രി പിണറായി വിജൻ ഉദ്ഘാടനം ചെയ്തു. അതിജീവനയാത്രയുടെ 579-ാം ദിവസമാണ് ആദ്യഘട്ടത്തിൽ 178 കുടുംബങ്ങൾക്ക് വീടുകൾ കൈമാറിയത്. അടുത്ത മഴക്കാലത്തിന് മുന്നേ, മുഴുവൻ ദുരന്തബാധിതർക്കും വീട് കിട്ടുമെന്നും അതിനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് എന്നും, വീടുകളിലേക്കുള്ള അത്യാവശ്യ ഫർണിച്ചറുകൾ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരുമിച്ച് ജീവിച്ചവരാണ് ഞങ്ങൾക്ക്, ഒരുമിച്ച് കഴിയാനാണ് ആഗ്രഹമെന്ന് പറഞ്ഞപ്പോൾ അതിൻ്റെ കൂടെ നിൽക്കാനാണ് നാം ശ്രമിച്ചത്. അതിൻ്റെ ഭാഗമായാണ് ടൗൺഷിപ്പ് ആശയത്തിന് രൂപം കൊടുത്തത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതി പൂർത്തിയാക്കുന്ന കാര്യത്തിൽ സർക്കാരിന് ഒരു സംശയം ഉണ്ടായില്ല. അതിനായി എല്ലാവരുടേയും പിന്തുണയും സഹകരണവും ഉണ്ടായി. 13 പട്ടികവർഗ കുടുംബങ്ങൾക്ക് മേപ്പാടിയിൽ 5 ഏക്കർ ഭൂമി നൽകിയിട്ടുണ്ട്. അതിൻ്റെ പട്ടയവും ഇന്ന് കൈമാറുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ദുരിതാശ്വാസ നിധിയിലേക്ക് ചില്ലികാശ് നൽകരുതെന്ന് ചിലർ പറഞ്ഞു. അവർ തുടക്കം മുതൽ തന്നെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എതിരായി പ്രവർത്തിച്ചു. ചിലര്‍ വൈരനിര്യാതന ബുദ്ധിയോടെ ഇടപെട്ടു. യുദ്ധനീതി പോലും അവര്‍ അക്കാര്യത്തില്‍ കാണിച്ചില്ല. ചില മാധ്യമങ്ങളും തെറ്റായ പ്രചാരണം നടത്തിയെന്നും മുഖ്യമന്ത്രി വിമർശിച്ചു. എന്നാൽ ദുരിതാശ്വാസ നിധിയിലേക്ക് സമാനതകളില്ലാത്ത സംഭാവനകളാണ് ലഭിച്ചത്. വ്യക്തികളും സംഘടനകളും സഹായിച്ചു. കർണാടക, തമിഴ്നാട്, ആന്ധ്ര സർക്കാരുകൾ സഹായം നൽകിയെന്നും പിണറായി വിജയൻ പറഞ്ഞു.
