ദൂരദര്‍ശനെതിരെ ഗുരുതര ആരോപണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. സിപിഐയ്ക്ക് അനുവദിച്ച തെരഞ്ഞെടുപ്പ് പരിപാടിയില്‍ നിന്ന് ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കാന്‍ ദൂരദര്‍ശന്‍ അധികൃതര്‍ ആവശ്യപ്പെട്ടതായി അദ്ദേഹം ആരോപിച്ചു.

രണ്ട് ഖണ്ഡികകള്‍ ഒഴിവാക്കി മാത്രം റെക്കോര്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായി ബിനോയ് വിശ്വം പറഞ്ഞു. എന്നാല്‍ ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയം പറയാനല്ല സിപിഐയെന്നും, അത്തരത്തിലുള്ള നിര്‍ദേശം താന്‍ അംഗീകരിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദൂരദര്‍ശന്റെ ഈ നിലപാട് തനിക്ക് സ്വീകാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തെരഞ്ഞെടുപ്പിന്റെ ഭാഗമായി അനുവദിച്ച പരിപാടിക്കിടെയാണ് വിവാദം ഉണ്ടായത്.

വെറ്റിങ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് ദൂരദര്‍ശന്‍ അറിയിച്ചു. എന്നാല്‍ വെട്ടിമാറ്റിയ ഭാഗങ്ങള്‍ ഉള്‍പ്പെടുത്താതെ പരിപാടി റെക്കോര്‍ഡ് ചെയ്യാനില്ലെന്ന് താനും വ്യക്തമാക്കിയതായി ബിനോയ് വിശ്വം പറഞ്ഞു.

ഭരിക്കുന്ന പാര്‍ട്ടിക്ക് അനുകൂലമായി ഉള്ളടക്കം നിയന്ത്രിക്കാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം ആരോപിച്ചു. പൊതുജനങ്ങളുടെ അറിയാനുള്ള അവകാശം ഇതിലൂടെ ഹനിക്കപ്പെടുകയാണെന്നും, ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയും ആകാശവാണിയില്‍ സമാനമായ അനുഭവം ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദൂരദര്‍ശന്‍ പോലുള്ള പൊതുമാധ്യമ സ്ഥാപനങ്ങളെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് അപകടകരമാണെന്നും ബിനോയ് വിശ്വം വിമര്‍ശിച്ചു. തെരഞ്ഞെടുപ്പിനിടെ ഇത്തരം ഇടപെടലുകള്‍ ജനാധിപത്യത്തിന് തിരിച്ചടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.