പശ്ചിമേഷ്യൻ സംഘര്‍ഷ മേഖലയിലേക്ക് പതിനായിരം സൈനികരെ കൂടി വിന്യസിക്കാനൊരുങ്ങി അമേരിക്ക. ഇറാനെതിരായ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പത്ത് ദിവസം കൂടി ദീര്‍പ്പിച്ചിച്ചതായുള്ള ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടി. അതേസമയം യുഎസ് സേന തമ്പടിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
ഇറാനിലെ ഊര്‍ജ കേന്ദ്രങ്ങള്‍ക്കെതിരെ നേരത്തെ പ്രഖ്യാപിച്ച അഞ്ച് ദിവസത്തെ ഭാഗിക വെടിനിര്‍ത്തല്‍ പത്ത് ദിവസം കൂടി ദീര്‍ഘിപ്പിച്ചു എന്നായിരുന്നു ഇന്ന് രാവിലെ ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കിയത്. ഇറാന്റെ ആവശ്യപ്രകാരമാണ് താല്‍ക്കാലിക വെടി നിര്‍ത്തല്‍ നീട്ടിയതെന്നും യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനിടയിലും പശ്ചിമേഷ്യയിലെ സൈനിക ശേഷി കൂട്ടാനൊരുങ്ങുകയാണ് അമേരിക്ക. സംഘര്‍ഷ മേഖലയില്‍ 10,000 സൈനികരെ കൂടി വിന്യസിക്കാനാണ് അമേരിക്കയുടെ നീക്കം.
ഇറാനും തങ്ങളുടെ സൈനിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. യുഎസ് സേന തമ്പടിച്ചിരിക്കുന്ന താവളങ്ങള്‍ ആക്രമിക്കുമെന്നും ഇറാന് സേന മുന്നറിയിപ്പ് നല്കി. ഇത്തരം മേഖലകളിലുള്ള സാധാരണക്കാരായ ജനങ്ങളോട് എത്രയും വേഗം ഒഴിഞ്ഞുപോകണമെന്നും ഐആര്‍ജിസി ആവശ്യപ്പെട്ടു. അതേസമയം ഇറാനെതിരായ ആക്രമണം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേല്‍. ഇറാനിലെ ജനവാസ മേഖലയായ കോം പ്രവിശ്യയില്‍ ഉണ്ടായ ആക്രമണത്തില്‍ ആറ് പേര് കൊല്ലപ്പെട്ടതായി ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
