നടക്കാനിരിക്കുന്നത് കേരളം മുന്നോട്ടു ശക്തമായി പോകണോ, അല്ലെങ്കിൽ ഇടവേള എടുക്കണോ എന്ന സാമൂഹികമായൊരു തിരഞ്ഞെടുപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കഴിഞ്ഞ പതിറ്റാണ്ടിൽ സംസ്ഥാനത്ത് ഉണ്ടായ മാറ്റങ്ങൾ യാദൃശ്ചികമല്ലെന്നും, ദീർഘവീക്ഷണത്തോടെ രൂപപ്പെടുത്തിയ നയങ്ങളും അവയുടെ ഫലപ്രദമായ നടപ്പാക്കലുമാണ് അതിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രഖ്യാപനങ്ങൾ നടത്തുന്നത് എളുപ്പമാണെങ്കിലും അവയെ സമയബന്ധിതമായി പൂർത്തിയാക്കാൻ ഈ സർക്കാരിന് കഴിഞ്ഞുവെന്നും മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

പത്ത് വർഷങ്ങൾക്ക് മുൻപ് അടിസ്ഥാന സൗകര്യ മേഖലയിൽ ഉണ്ടായിരുന്ന മാന്ദ്യത മാറിയതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതികൾ വൈകിയിരുന്ന അവസ്ഥയിൽ നിന്ന് മാറി, ഗതാഗത സൗകര്യങ്ങൾ വിപുലീകരിക്കുകയും വ്യവസായ-ഐടി മേഖലകളിൽ ഗണ്യമായ വളർച്ച കൈവരിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. പൊതു വിദ്യാഭ്യാസവും പൊതുജനാരോഗ്യവും കൂടുതൽ ശക്തിപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമം ഉറപ്പാക്കുന്നതിൽ എൽഡിഎഫ് സർക്കാർ ശ്രദ്ധ പുലർത്തിയതായി അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനും കഴിഞ്ഞുവെന്നും, ഈ മുന്നേറ്റം തുടരാൻ ഭരണസ്ഥിരത അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് രാഷ്ട്രീയപരമായി മാത്രം കാണേണ്ട വിഷയമല്ല, ജനങ്ങളുടെ വിശ്വാസമാണ് ഈ യാത്രയുടെ അടിത്തറയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.