വോട്ടിന് നോട്ട് ആരോപണത്തിന് പിന്നാലെ പാലക്കാട് എൻ ഡി എ സ്ഥാനാർഥി ശോഭ സുരേന്ദ്രനെതിരെ വോട്ടിന് സാരി വിതരണം ചെയ്തെന്നും പരാതി. പാലക്കാട് മണ്ഡലത്തിലെ വിവിധ മേഖലകളിൽ ഇത്തരത്തിൽ വോട്ടിനായി ശോഭ സുരേന്ദ്രൻ പണവും സാരിയും നൽകുന്നുവെന്ന് സി പി എമ്മും കോൺഗ്രസും ആരോപണം ഉയർത്തിയിരുന്നു. ഇന്നാണ് ഇതിന്റെ ചില ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
പിരിയാരിയിലെ വീട്ടുകളിൽ ബി ജെ പി പ്രവർത്തകർ സാരി നൽകുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എൻ ഡി എ സ്ഥാനാർഥി നേരിട്ടെത്തി സാരി വിതരണം ചെയ്തു എന്ന ആരോപണവും ഉണ്ട്. എന്നാൽ ശോഭ സുരേന്ദ്രൻ നേരിട്ട് സാരി വിതരണം ചെയ്യുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടില്ല.
കൊട്ടിക്കലാശത്തിൽ പങ്കെടുത്ത സ്ത്രീകൾ ഒരേ പോലുള്ള സാരി ധരിച്ചെത്തിയതിലും ആക്ഷേപമുണ്ട്. എൻ ഡി എ കേന്ദ്രങ്ങളിൽ നിന്ന് കൈമാറിയ സാരിയാണ് ഇതെന്നാണ് ആക്ഷേപം. വോട്ടിന് നോട്ടും സാരിയും വിതരണം ചെയ്തെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ്, തെരഞെടുപ്പ് കമ്മീഷനും പാലക്കാട് എസ് പിക്കും പരാതി നൽകുകയും ചെയ്തു.
