നിയമസഭാ തിരഞ്ഞെടുപ്പിൽ ജനാധിപത്യ വോട്ടവകാശം എല്ലാവരും നിർബന്ധമായും വിനിയോഗിക്കണമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ അഭ്യർത്ഥിച്ചു. നവകേരള സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും സംസ്ഥാനത്തെ കൂടുതൽ ശക്തിപ്പെടുത്താനും ഈ തിരഞ്ഞെടുപ്പ് നിർണായകമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
മുമ്പിലേതിനേക്കാൾ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് ഭരണതുടർച്ച ഉറപ്പാക്കുമെന്ന ആത്മവിശ്വാസം സംസ്ഥാനത്തെ ജനാഭിപ്രായത്തിൽ പ്രതിഫലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെതിരെ അഴിമതിയാരോപണങ്ങളോ ഭരണ വീഴ്ചകളോ ഉയർത്താനാകാതെ പ്രതിസന്ധിയിലായ യുഡിഎഫ് വ്യാജപ്രചാരണത്തിലേർപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
സിറ്റിംഗ് സീറ്റുകൾ പോലും നിലനിർത്താനാകാത്ത സാഹചര്യത്തിലാണ് യുഡിഎഫ് എന്നാണ് അവരുടെ നേതൃത്വത്തിന്റെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മുസ്ലിം ലീഗ് ഉൾപ്പെടെ വിവിധ ഘടകങ്ങൾ തെറ്റായ പ്രചാരണങ്ങൾ ഏറ്റുപിടിക്കുന്നത് പരാജയഭീതിയുടെ ലക്ഷണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രത്തിലെ ബിജെപി സർക്കാരിനെയും ആർഎസ്എസ് നിലപാടുകളെയും എതിർത്തു ശക്തമായി നിലകൊണ്ടത് കേരളത്തിലെ ഇടത് സർക്കാരാണെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു. രാജ്യത്തെ വിവിധ മേഖലകളിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ പോലും ശക്തമായ പ്രതികരണം ഉയർത്തിയതും ഇടത് സർക്കാരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോ കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാരോ കേന്ദ്ര നയങ്ങൾക്കെതിരെ ശബ്ദിച്ചിട്ടില്ലെന്ന് അദ്ദേഹം വിമർശിച്ചു. ഡീൽ ആരോപണങ്ങൾ ഉയർത്തുന്നവർ തന്നെ സംഘപരിവാറുമായി നീക്കുപോക്ക് നടത്തിയവരാണെന്നും അദ്ദേഹം ആരോപിച്ചു.
ഒരു വർഗീയ സംഘടനയുമായും ഒളിഞ്ഞോ തെളിഞ്ഞോ ബന്ധം പുലർത്തി വോട്ട് തേടുന്ന സമീപനം എൽഡിഎഫിന് ഇല്ലെന്നും, എന്നാൽ വികസനത്തിനും ക്ഷേമത്തിനുമായി ഈ സർക്കാരിനെ പിന്തുണയ്ക്കുന്ന എല്ലാവരുടെയും വോട്ട് സ്വാഗതം ചെയ്യുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖം, ദേശീയപാത വികസനം, സ്മാർട്ട് റോഡുകൾ, ഐടി രംഗത്തെ വളർച്ച, പൊതുജനാരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ പുരോഗതി എന്നിവ ചൂണ്ടിക്കാട്ടി കേരളത്തിന് മുന്നിൽ വലിയ സാധ്യതകളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമപെൻഷൻ, റേഷൻ, മരുന്ന് വിതരണം എന്നിവ ശക്തിപ്പെടുത്തിയ ഭരണമാണ് എൽഡിഎഫ് നടത്തിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.
വ്യാജപ്രചാരണങ്ങളും വർഗീയത നിറഞ്ഞ രാഷ്ട്രീയ നീക്കങ്ങളും ശക്തമായ സാഹചര്യത്തിൽ, യാഥാർത്ഥ്യബോധത്തോടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ടി.പി. രാമകൃഷ്ണൻ അഭ്യർത്ഥിച്ചു.
