മന്ത്രി വി ശിവൻകുട്ടി വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരം സെൻട്രൽ ഈഞ്ചയ്ക്കൽ യു.പി. സ്കൂളിലെ 61-ാം നമ്പർ ബൂത്തിലാണ് അദ്ദേഹം വോട്ട് ചെയ്തത്.ഈ തെരഞ്ഞെടുപ്പ് ഇടതുമുന്നണിക്ക് അനുകൂലമാണെന്നും, മൂന്നാം തവണയും എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസമുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.
നേമം മണ്ഡലത്തിൽ യാതൊരു ആശങ്കയും ഇല്ലെന്നും എൽഡിഎഫ് തന്നെ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളും മന്ത്രി ഉന്നയിച്ചു. നേമത്ത് ബൂത്ത് അടിസ്ഥാനത്തിൽ മദ്യം വിതരണം ചെയ്യുന്നതായും കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
കൂടാതെ, രാജീവ് ചന്ദ്രശേഖർ നേരിട്ട് കിറ്റുകളും പണവും ജോലി വാഗ്ദാനങ്ങളും നൽകുന്നുവെന്ന ആരോപണവും ശിവൻകുട്ടി ഉന്നയിച്ചു. ജനാധിപത്യ സംവിധാനത്തെ പണാധിപത്യം കൊണ്ട് തകർക്കാനുള്ള ശ്രമമാണിതെന്നും, കേരളത്തിൽ ഭരണവിരുദ്ധ വികാരം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെയും വിമർശിച്ച മന്ത്രി, മറ്റു സംസ്ഥാന നേതാക്കളുടെ പ്രസ്താവനകൾ സംസ്കാരശൂന്യമാണെന്നും കൂട്ടിച്ചേർത്തു.
