സംസ്ഥാനത്തെ മുഖ്യമന്ത്രി പദവിയെച്ചൊല്ലി കോൺഗ്രസിൽ നടക്കുന്ന വിവാദങ്ങളിൽ പ്രതികരിച്ച് എം.കെ. രാഘവൻ എംപി. ഈ തർക്കം തെരുവിലേക്ക് വലിച്ചിഴയ്ക്കുന്നത് പാർട്ടിക്കും മുന്നണിക്കും ദോഷകരമാണെന്ന് അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പ്രസ്താവനയാണ് എല്ലാ പ്രശ്നങ്ങൾക്കും തുടക്കമിട്ടതെന്നും, എന്നാൽ ഇതിന് പിന്നിൽ വി.ഡി. സതീശനാണെന്ന് താൻ കരുതുന്നില്ലെന്നും രാഘവൻ വ്യക്തമാക്കി.
തിരഞ്ഞെടുപ്പിൽ തോൽക്കുന്ന സീറ്റ് ഏറ്റെടുത്ത് മത്സരിക്കാൻ തന്നോട് ചില നേതാക്കൾ ആവശ്യപ്പെട്ടതായി അദ്ദേഹം വെളിപ്പെടുത്തി. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന വാശിക്ക് പിന്നിൽ ചിലരുടെ ദുർവാശിയാണ്. ഇത് ഹൈക്കമാൻഡിന്റെ തീരുമാനമാണെന്ന് പറഞ്ഞ് കൈകഴുകേണ്ടതില്ല.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ എന്ത് നടന്നുവെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരത്തിലെത്തിയാൽ എങ്ങനെ മുന്നോട്ട് പോകുമെന്ന് കണ്ടറിയണമെന്നും, ഘടകകക്ഷികളുടെ അതൃപ്തി ഗൗരവകരമാണെന്നും എം.കെ. രാഘവൻ ഓർമ്മിപ്പിച്ചു.
