തൊഴിലാളി പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട ഉത്തര്‍പ്രദേശിലെ നോയിഡയില്‍ തൊഴിലാളികളെ സന്ദര്‍ശിക്കാന്‍ എത്തിയ സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി അടക്കമുള്ള പ്രതിനിധി സംഘത്തെ പൊലീസ് തടഞ്ഞു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംഘം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് പൊലീസ് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. എംപിമാരായ എഎ റഹീം, വി ശിവദാസന്‍ എന്നിവര്‍ എംഎ ബേബിക്കൊപ്പം ഉണ്ടായിരുന്നു.


സംഘത്തെ പൊലീസ് ഗൗതം ബുദ്ധ് നഗറിലെ ക്യാമ്പിലെത്തിച്ചു. അതിര്‍ത്തിയിലെ പ്രതിഷേധത്തിനൊടുവില്‍ നോവിഡയിലേക്ക് കടത്തിവിട്ട സംഘത്തെ ജില്ലാ കലക്ടറെ കാണുന്നതിനായി പൊലീസ് ക്യാമ്പിലേക്കാണ് എത്തിച്ചത്. തൊഴിലാളി സമരത്തെത്തുടര്‍ന്ന് അറസ്റ്റിലായവരെയും അവരുടെ കുടുംബാംഗങ്ങളേയും സന്ദര്‍ശിക്കാനും സ്ഥലത്തെ ജില്ലാ കലക്ടറുമായി വിഷയത്തെക്കുറിച്ച് സംസാരിക്കാനുമാണ് സംഘം നോയിഡയിലെത്തിയത്. സമരം ചെയ്ത സിഐടിയു നേതാക്കളെയടക്കം അറസ്റ്റ് ചെയ്ത് വീട്ടു തടങ്കലിലാക്കി.