സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോർഡിൽ. ഇന്നലത്തെ ഉപഭോഗം 117.15 ദശലക്ഷം യൂണിറ്റ് ആണ്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന ഉപഭോഗത്തിൽ കേരളം സർവ്വകാല റെക്കോർഡിലെത്തി. ഇന്നലെ വൈകിട്ടത്തെ ആവശ്യകത 6033 മെഗാവാട്ട് ആണ്.സംസ്ഥാനത്ത് പവർകട്ടിനോ ലോഡ് ഷെഡിംഗിനോ ഉള്ള സാഹചര്യമുണ്ടെന്നും ഇതൊഴിവാക്കാൻ ശ്രമം തുടങ്ങിയായും വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.
പവർ എക്സ്ചേഞ്ചിൽ നിന്നും കൂടിയ അളവിൽ വൈദ്യുതി ലഭ്യമാകുന്നത് ബുദ്ധിമുട്ട് ആയതിനാൽ ദീർഘകാല കോൺട്രാക്ടിൽ ഏർപ്പെടാൻ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുവാദം കെഎസ്ഇബി ചോദിച്ചിട്ടുണ്ട്. 22 ആം തീയതിയിലെ പൊതു തെളിവെടുപ്പിന് ശേഷം ഈ അനുമതി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി കൂട്ടിച്ചേർത്തു.അതേസമയം, നിലവില്‍ തന്നെ പല പ്രദേശത്തും അപ്രഖ്യാപിത പവര്‍ കട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇത് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല. കടുത്ത ചൂടില്‍ കേരളം വെന്തുരുകുകയാണ്. അതിനാല്‍ തന്നെ ഫാനിന്റെയും എസിയുടെ ഉപയോഗം ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. എല്‍പിജി ക്ഷാമത്തെ തുടര്‍ന്ന് ഇന്‍ഡക്ഷന്‍ കുക്കറിന്റെ ഉപയോഗവും വര്‍ധിച്ചത് മൊത്തത്തിലുള്ള വൈദ്യുതി ഉപഭോഗം വര്‍ധിക്കാന്‍ കാരണമായതായാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
