പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തോട് നടത്തിയ പ്രസംഗം ഒരു ഭരണാധികാരിയുടേതല്ല, മറിച്ച് ഒരു പാർട്ടി നേതാവ് സ്വന്തം പ്രവർത്തകരോട് നടത്തിയതാണെന്ന് സിപിഐ(എം) ലോക്സഭാ പാർലമെന്ററി പാർട്ടി നേതാവ് കെ. രാധാകൃഷ്ണൻ എം.പി. ആരോപിച്ചു. സ്ത്രീശാക്തീകരണ വിഷയത്തിൽ സർക്കാരിന് ആത്മാർത്ഥതയില്ലെന്നും പ്രസംഗം വോട്ട് ബാങ്ക് ലക്ഷ്യമിട്ടതാണെന്നും അദ്ദേഹം വിമർശിച്ചു.
പാർലമെന്റിൽ ഭരണഘടനാ ഭേദഗതി ബിൽ പാസാക്കുന്നതിൽ പരാജയപ്പെട്ട പ്രധാനമന്ത്രി സ്വന്തം വീഴ്ച മറച്ചുവെക്കാനാണ് പ്രതിപക്ഷത്തിന് മേൽ കുറ്റം ചാരുന്നതെന്നും രാധാകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു. മണ്ഡല പുനർനിർണ്ണയത്തിന്റെ പേരിൽ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ നഷ്ടപ്പെടുത്താനുള്ള നീക്കമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഫെഡറൽ സംവിധാനത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളുടെ പേര് പറഞ്ഞ് ഇന്ത്യൻ ജനാധിപത്യത്തെയും ഭരണഘടനയെയും തകർക്കാനുള്ള ശ്രമമാണ് പാർലമെന്റിൽ പരാജയപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘നാരീശക്തി’യെക്കുറിച്ച് വാക്കുകൾ കൊണ്ട് മാത്രം സംസാരിക്കുന്നത് പോരെന്നും, യാഥാർത്ഥ്യത്തിൽ സ്ത്രീകളുടെ ശക്തീകരണത്തിനായി നടപടികളാണ് ആവശ്യമെന്നും രാധാകൃഷ്ണൻ വ്യക്തമാക്കി.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് സ്ത്രീ വോട്ടർമാരെ സ്വാധീനിക്കാനുള്ള രാഷ്ട്രീയ തന്ത്രമാണ് പ്രധാനമന്ത്രിയുടെ പ്രസംഗമെന്നും, പ്രതിപക്ഷം സ്ത്രീകളെ വഞ്ചിച്ചുവെന്ന ആരോപണം സ്വന്തം പരാജയങ്ങൾ മറയ്ക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
വനിതാ സംവരണ ബിൽ പാസാക്കിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, സെൻസസും മണ്ഡല പുനർനിർണ്ണയവും ചൂണ്ടിക്കാട്ടി അത് വർഷങ്ങളോളം നീട്ടിവെച്ചതിലൂടെ സർക്കാർ സ്ത്രീകളെ വഞ്ചിച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. നിലവിലുള്ള 543 സീറ്റുകളിൽ സംവരണം നടപ്പാക്കാൻ ഇതുവരെ സാധിക്കാത്തത് ആരുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം ചോദിച്ചു.
