കോൺഗ്രസ് പാർട്ടിയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ സജീവമായി തുടരുന്നതിനിടെ, അത് പരസ്യ വിമർശനങ്ങളിലേക്കും വഴിമാറുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുൻപേ തന്നെ ഉയർന്ന ഈ ചര്‍ച്ചകൾ ഇപ്പോൾ നേതാക്കൾക്കിടയിലെ ഭിന്നതകൾ കൂടുതൽ വെളിവാക്കുകയാണ്.
ഇതിനിടെ, കോൺഗ്രസ് നേതാവ് അജയ് തറയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ഒളിയമ്പുമായി രംഗത്തെത്തി. ത്യാഗങ്ങളും കഷ്ടപ്പാടുകളും സഹിച്ച് മുന്നേറിയവർക്ക് മാത്രമേ ഭരണത്തിന്റെ ചുമതല ലഭിക്കാവൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. നിർണായക ഘട്ടങ്ങളിൽ മാറിനിന്നവർ മുഖ്യമന്ത്രിയാകരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരാണെന്നും, കേരളത്തിൽ മുൻകാലങ്ങളിൽ പുറത്തുനിന്നും മുഖ്യമന്ത്രിമാർ ഉണ്ടായിട്ടുണ്ടെന്നും അജയ് തറയിൽ ചൂണ്ടിക്കാട്ടി.
ഇതോടെ കോൺഗ്രസിനകത്തെ നേതാക്കൾക്കിടയിലെ ആഭ്യന്തര തർക്കങ്ങൾ കൂടുതൽ രൂക്ഷമാകുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്.
