കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട പ്രശ്നം കേരളം അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ . ജന്മിത്വത്തിന്റെ സാമ്പത്തിക അടിത്തറ തകർത്ത കേരളത്തിൽ, അതിന്റെ ആശയ അടിത്തറയായ ജാതീയത ഇന്നും നിലനിൽക്കുന്നതിന്റെ തെളിവാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഇത്തരം സംഭവങ്ങളെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ജാതീയ അധിക്ഷേപങ്ങൾക്കും വിവേചനങ്ങൾക്കും എതിരായി ആശയതലത്തിലും നിയമപരമായും ശക്തമായ പ്രതിരോധം ഉയരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ഈ സംഭവത്തിൽ കുറ്റവാളികളെ വേഗത്തിൽ അറസ്റ്റ് ചെയ്യുകയും, നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് രക്ഷപ്പെടുന്നത് തടയുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ക്യാമ്പസുകളിൽ വിദ്യാർത്ഥികൾക്കെതിരെയുള്ള പീഡനങ്ങളെ തുറന്നുകാട്ടാനും ചെറുക്കാനും വിദ്യാർത്ഥി സമൂഹം കൂടുതൽ സജീവമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാശ്രയ പ്രൊഫഷണൽ കോളേജുകളിൽ വിദ്യാർത്ഥി സംഘടനകളുടെ അഭാവം ഇത്തരം പ്രവണതകൾക്ക് വഴിവെക്കുന്നതായും അദ്ദേഹം വിമർശിച്ചു.
