സംസ്ഥാനത്ത് എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ അഭിപ്രായപ്പെട്ടു. നിലവിൽ സംസ്ഥാനത്ത് എൽഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ടും ഷംസീർ പ്രതികരിച്ചു. പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്ക് പറ്റിയിരുന്നുവെന്നും അവർ അവശ നിലയിലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ആയുധം ഉപയോഗിച്ചെന്ന കാര്യത്തിൽ താൻ എവിടെയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഭാംഗം കൂടിയായ ഒരു മന്ത്രി പ്ലാറ്റ്ഫോമിൽ അവശയായി ഇരിക്കുമ്പോൾ വന്ദേഭാരതിൽ കയറി പോകാൻ തനിക്ക് കഴിയുമായിരുന്നില്ലെന്നും, മന്ത്രിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തതായും ഷംസീർ പറഞ്ഞു.
സ്പീക്കറായി പ്രവർത്തിച്ച അനുഭവത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. മൂന്നര വർഷത്തിലേറെയായി ആ പദവിയിൽ സേവനമനുഷ്ഠിച്ചതായും, ഭരണപക്ഷവും പ്രതിപക്ഷവും നല്ല സഹകരണം നൽകിയതായും അദ്ദേഹം പറഞ്ഞു. ഈ കാലയളവിൽ നിരവധി നിയമപരിഷ്കാരങ്ങൾ നടപ്പാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമാജികർ സഭയെ കൂടുതൽ ഗൗരവത്തോടെ കാണണമെന്നും, ഇത് തന്നെയാണ് ഭാവിയിൽ വരുന്നവർക്ക് നൽകാനുള്ള സന്ദേശമെന്നും ഷംസീർ പറഞ്ഞു. സ്പീക്കർ പദവി വഹിച്ചത് വലിയ അഭിമാനമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയും ജനങ്ങളും ഏൽപ്പിച്ച ഉത്തരവാദിത്വം മികച്ച രീതിയിൽ നിർവഹിച്ചുവെന്നും, ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ സഭയ്ക്കുള്ളിലെ പ്രവർത്തനങ്ങൾ ജനങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്നും ഷംസീർ വ്യക്തമാക്കി.
