തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ ഡിഎംകെയുടെ പരാജയത്തെക്കുറിച്ച് ആദ്യമായി പരസ്യ പ്രതികരണവുമായി പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ സ്വാധീനവും, വോട്ടർമാരെ ആകർഷിക്കാൻ കുട്ടികളെ പ്രചാരണത്തിന് ഉപയോഗിച്ചതുമായ രാഷ്ട്രീയ തന്ത്രങ്ങൾ മുൻകൂട്ടി കാണുന്നതിൽ ഡിഎംകെയ്ക്ക് വീഴ്ച പറ്റിയെന്ന് അദ്ദേഹം തുറന്നുസമ്മതിച്ചു.

നടൻ വിജയ്‌യുടെ പാർട്ടിയായ ടിവികെ ഈ തന്ത്രങ്ങൾ കൃത്യമായി വിനിയോഗിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി."സോഷ്യൽ മീഡിയയും ഇൻസ്റ്റഗ്രാമും ഉപയോഗിച്ചും, കുട്ടികളെക്കൊണ്ട് പ്രചാരണം നടത്തി അമ്മമാരെയും മുത്തശ്ശീമുത്തശ്ശന്മാരെയും ഉൾപ്പെടെയുള്ള മുതിർന്നവരെ സ്വാധീനിച്ചും വളരെ ആസൂത്രിതമായാണ് അവർ ഇത് ചെയ്തത്. അത് മുൻകൂട്ടി കാണുന്നതിൽ നമ്മൾ പരാജയപ്പെട്ടു. ഇത്തരം നീക്കങ്ങളെ വരുംദിവസങ്ങളിൽ എങ്ങനെ പരാജയപ്പെടുത്തണം എന്നതിനെക്കുറിച്ച് പാർട്ടി പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കും" - എം.കെ. സ്റ്റാലിൻ പറഞ്ഞു.

ഭരണം നഷ്ടപ്പെട്ടെങ്കിലും ഡിഎംകെയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. തോൽവിയിൽ പാർട്ടി പ്രവർത്തകർ ആരും സങ്കടപ്പെടേണ്ടതില്ല. ഡിഎംകെ ഭരണകാലത്ത് നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികൾ പുതിയ സർക്കാർ (വിജയ് സർക്കാർ) തുടരുന്നത് തന്നെ ഡിഎംകെയുടെ നയങ്ങൾക്കുള്ള അംഗീകാരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിഎംകെ നിരവധി വിജയങ്ങളും പരാജയങ്ങളും കണ്ടിട്ടുണ്ടെന്നും തോൽവികളിൽ നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കുന്ന ചരിത്രമാണ് പാർട്ടിക്കുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.