കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിനിടെ ഉണ്ടായ ആലിംഗന വിവാദത്തില്‍ വിശദീകരണവുമായി ചെറിയാന്‍ ഫിലിപ്പ്. വിജയാഘോഷത്തിന്റെ ആവേശത്തില്‍ പരിസരബോധം നഷ്ടപ്പെട്ടതാണ് സംഭവത്തിന് കാരണമായതെന്നും ഇന്ദിരാഭവനില്‍ എത്തിയ കോണ്‍ഗ്രസ് എംഎല്‍എമാരെ ആൺ-പെൺ വ്യത്യാസമില്ലാതെ സ്നേഹത്തോടെ ആലിംഗനം ചെയ്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.
തന്‍റെ ഭാഗത്ത് എന്തെങ്കിലും അനൗചിത്യം സംഭവിച്ചിട്ടുണ്ടെങ്കില്‍ പൊതുസമൂഹം ക്ഷമിക്കണമെന്ന് ചെറിയാന്‍ ഫിലിപ്പ് സാമൂഹ്യമാധ്യമ കുറിപ്പിലൂടെ അഭ്യര്‍ഥിച്ചു. ഒറ്റയ്ക്കും സന്ന്യാസസദൃശമായ ജീവിതവുമാണ് താന്‍ നയിക്കുന്നതെന്നും ചില സാമൂഹ്യമാധ്യമങ്ങള്‍ തന്നെ സ്ത്രീലമ്പടനായി ചിത്രീകരിച്ചത് മാനസികമായി വേദനിപ്പിച്ചുവെന്നും അദ്ദേഹം കുറിച്ചു.
കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം നടക്കുന്ന വേളയില്‍ ഇന്ദിരാഭവനിലെത്തിയ എംഎല്‍എമാരെ ചെറിയാന്‍ ഫിലിപ്പ് ആലിംഗനം ചെയ്യാന്‍ ശ്രമിച്ചതാണ് വിവാദമായത്. വനിതാ എംഎല്‍എമാരെ ഉള്‍പ്പെടെ ചേര്‍ത്തുപിടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
കൊല്ലം എംഎല്‍എയും മന്ത്രിയുമായ ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ അവർ ഒഴിഞ്ഞുമാറുന്ന വീഡിയോയാണ് പ്രത്യേകിച്ച് വ്യാപകമായി പ്രചരിച്ചത്. മാധ്യമങ്ങളോട് സംസാരിച്ചതിന് ശേഷം എത്തിയ ബിന്ദു കൃഷ്ണയെ ചെറിയാന്‍ ഫിലിപ്പ് ആലിംഗനം ചെയ്യാന്‍ ശ്രമിച്ചെങ്കിലും അവർ അതൃപ്തി പ്രകടിപ്പിച്ച് മാറിനില്‍ക്കാന്‍ ശ്രമിച്ചു. പിന്നാലെയും ചെറിയാന്‍ ഫിലിപ്പ് സമീപിച്ചതോടെ സംഭവം വലിയ വിമര്‍ശനത്തിന് ഇടയാക്കുകയായിരുന്നു.
