ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ പ്രശോഭ് വത്സനായി വീണ്ടും വ്യാപക തെരച്ചില്‍. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പ്രശോഭിനായുള്ള അന്വേഷണം നടക്കുന്നത്.
പ്രശോഭിന്റെ സുഹൃത്തുക്കളെയും സഹായികളേയും പൊലീസ് വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം.പ്രതിയെ പിടികൂടാന്‍ പൊലീസ് വ്യാപക അന്വേഷണം നടത്തുന്നതിനിടെ പാലക്കാട്ടെ ഒരു അഭിഭാഷകന്‍ മുഖേന മണ്ണാര്‍ക്കാട് എസ് സി/എസ് ടി പ്രത്യേക കോടതിയില്‍ പ്രശോഭ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.
നിരപരാധിയാണെന്നും, ജാമ്യം ലഭിച്ചാല്‍ അന്വേഷണത്തോട് സഹകരിക്കാമെന്നുമാണ് പ്രശോഭ് മുന്‍കൂര്‍ ജാമ്യ അപേക്ഷയിലൂടെ കോടതിയെ അറിയിച്ചത്. ഇത് തള്ളിയതിന് പിന്നാലെയാണ് പ്രശോഭ് ഹൈക്കോടതിയിലെത്തിയത്. അതേസമയം, ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം സൗഹൃദം നടിച്ച് താമസസ്ഥലത്തേക്ക് അതിക്രമിച്ചു കയറി, പ്രശോഭ് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു മുഖ്യമന്ത്രിക്ക് അതിജീവിത നല്‍കിയ പരാതി.
