മുനമ്പം ഭൂമി വിഷയത്തിൽ മുഖ്യമന്ത്രി വിഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവും രാജ്യസഭാ എംപിയുമായ എ എ റഹിം . മുനമ്പം പോലെയുള്ള അതീവ ഗൗരവമുള്ള വിഷയത്തിൽ സാമുദായിക സ്പർദ്ധ വളർത്തുന്ന രീതിയിൽ മുഖ്യമന്ത്രി “നട്ടാൽ കുരുക്കാത്ത നുണ” പറയരുതെന്ന് എ എ റഹീം ആരോപിച്ചു. “മുനമ്പം പ്രശ്നം 10 മിനിറ്റിനകം പരിഹരിക്കാമെന്നാണ് മുഖ്യമന്ത്രി നേരത്തെ പറഞ്ഞത്. എന്നാൽ ഇപ്പോൾ വഖഫ് ഭൂമിയാണെന്ന് തെളിഞ്ഞാൽ അവിടെയുള്ളവർ കൈയേറ്റക്കാരാണെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ നിലപാട് പൂർണമായും മാറിയിരിക്കുകയാണ്,” എന്ന് അദ്ദേഹം പറഞ്ഞു.
മുനമ്പത്തെ ഭൂമി വഖഫ് രജിസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത് 2019 മെയ് 25നാണെന്നും, അന്ന് വഖഫ് ബോർഡിൽ പ്രവർത്തിച്ചിരുന്നത് യുഡിഎഫ് അനുകൂല അംഗങ്ങളാണെന്നും എ എ റഹീം ചൂണ്ടിക്കാട്ടി. മുസ്ലിം ലീഗ് നേതാവ് പാണക്കാട് റഷീദലി ശിഹാബ് തങ്ങളായിരുന്നു അന്നത്തെ വഖഫ് ബോർഡ് ചെയർമാനെന്നും അദ്ദേഹം പറഞ്ഞു.
“ഉമീദ് പോർട്ടലിൽ ഇപ്പോൾ പുതിയതായി ഒരു ഭൂമിയും വഖഫ് ആയി രജിസ്റ്റർ ചെയ്തിട്ടില്ല. നേരത്തെ രജിസ്റ്റർ ചെയ്ത വിവരങ്ങൾ അപ്ലോഡ് ചെയ്യുക മാത്രമാണ് ഉണ്ടായത്,” എന്നും അദ്ദേഹം വിശദീകരിച്ചു.
മുഖ്യമന്ത്രി മുൻപ് പറഞ്ഞ വാഗ്ദാനത്തിൽ നിന്ന് പിന്മാറാൻ യാതൊരു പുതിയ സാഹചര്യവും ഉണ്ടായിട്ടില്ലെന്നും, 10 മിനിറ്റിൽ പ്രശ്നം പരിഹരിക്കാമെന്ന വാദം തെറ്റായിരുന്നുവെങ്കിൽ മുഖ്യമന്ത്രി അത് തുറന്ന് സമ്മതിക്കണമെന്നും എ എ റഹീം ആവശ്യപ്പെട്ടു.
മുനമ്പം വിഷയത്തിൽ യുഡിഎഫ് സർക്കാർ എന്ത് നിലപാട് സ്വീകരിച്ചാലും, സംസ്ഥാനത്തെ മതസൗഹാർദം സംരക്ഷിക്കുന്ന സമീപനമായിരിക്കും എൽഡിഎഫ് സ്വീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
