വ്യക്തമായ നയവും നിലപാടും ഇല്ലാത്ത സർക്കാരാണ് യു.ഡി.എഫിന്റേതെന്ന് തെളിയിക്കുന്നതാണ് പുതിയ നയപ്രഖ്യാപന പ്രസംഗമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്. ബി.ജെ.പിയേയും കേന്ദ്ര സർക്കാരിനെയും വാക്കുകൊണ്ട് പോലും വിമർശിക്കാത്ത നിലപാടാണ് യു.ഡി.എഫ് സർക്കാരിന്റേതെന്ന് പാർട്ടി പുറത്തുവിട്ട പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു.

സംസ്ഥാനങ്ങളെ ഞെരുക്കുന്ന കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങളോടും, ഫെഡറലിസം തകർക്കുന്ന സമീപനങ്ങളോടും സഹകരിച്ച് മുന്നോട്ട് പോകാനാണ് പുതിയ സർക്കാർ ശ്രമിക്കുന്നത്. ഇടതുപക്ഷ സർക്കാർ 5,429 കോടി രൂപ ട്രഷറിയിൽ ബാക്കിവെച്ചാണ് ഭരണം അവസാനിപ്പിച്ചത്. എന്നിട്ടും കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന കള്ളപ്രചരണം ആവർത്തിക്കാനാണ് നയപ്രഖ്യാപനത്തിൽ ശ്രമിച്ചതെന്നും സി.പി.ഐ (എം) ചൂണ്ടിക്കാട്ടി.

ഗൾഫ് മേഖലയിലെ നിലവിലെ സംഘർഷങ്ങൾ കേരളത്തിന്റെ സമ്പദ്‌ഘടനയെ ബാധിക്കുന്ന കാര്യമായിരുന്നിട്ടും അതിനെ അഭിമുഖീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. കൂടാതെതൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ,കിഫ്ബി എന്നിങ്ങിനെ പ്രധാന മേഖലകളെ നയപ്രഖ്യാപനത്തിൽ പൂർണ്ണമായി അവഗണിച്ചു . എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്‌ താല്‍പര്യമില്ലെന്ന സന്ദേശമാണ്‌ ഇതിലൂടെ വ്യക്തമാക്കുന്നത്‌.

ചില പുതിയ പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും അവ നടപ്പിലാക്കാനുള്ള കൃത്യമായ നിർദ്ദേശങ്ങളോ വഴികളോ നയപ്രഖ്യാപനത്തിൽ ഇല്ല. ജനങ്ങളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായ നടപടികളുമായി യു.ഡി.എഫ് സർക്കാർ മുന്നോട്ട് പോയാൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് മുന്നറിയിപ്പ് നൽകി.