പശ്ചിമ ബംഗാളിലെ പ്രമുഖ റെയിൽവേ സ്റ്റേഷനായ ഡം ഡമിൽ അർദ്ധരാത്രിയിൽ വൻ ഒഴിപ്പിക്കൽ നടപടി. റെയിൽവേ ഭൂമി കൈയേറി നിർമ്മിച്ച അനധികൃത കടകളും സ്റ്റാളുകളും റെയിൽവേ അധികൃതർ ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിച്ചുനീക്കി. വാരാന്ത്യ രാത്രിയിൽ സ്റ്റേഷനിലെ തിരക്ക് കുറഞ്ഞതോടെയാണ് വൻ പോലീസ്-കേന്ദ്രസേനാ സന്നാഹത്തോടെ റെയിൽവേയുടെ ഈ അപ്രതീക്ഷിത നീക്കം.

കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് മുന്നോടിയായി കടയുടമകൾക്ക് റെയിൽവേ നോട്ടീസ് നൽകിയിരുന്നുവെങ്കിലും അവ നീക്കം ചെയ്യാൻ ആരും തയ്യാറായിരുന്നില്ല. തുടർന്നാണ് കർശന നടപടികളിലേക്ക് അധികൃതർ കടന്നത്.

രാത്രി 11 മണിയോടെ ആർ.പി.എഫ്, റെയിൽവേ പോലീസ്, വൻ കേന്ദ്ര സുരക്ഷാ സേന എന്നിവർ സ്റ്റേഷൻ പരിസരം വലയത്തിലാക്കി. ആദ്യം മൈക്രോഫോണിലൂടെ കടകൾ സ്വയം ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും കച്ചവടക്കാർ വഴങ്ങിയില്ല. തുടർന്നാണ് ബുൾഡോസറുകൾ ഉപയോഗിച്ച് കടകൾ ഒന്നൊന്നായി തകർത്തുതുടങ്ങിയത്.

ഒഴിപ്പിക്കൽ വാർത്തയറിഞ്ഞ് അർദ്ധരാത്രി 12 മണിയോടെ മുൻ സി.പി.എം എം.പി താരിത് തോപ്ദാർ, നേതാക്കളായ സോമനാഥ് ഭട്ടാചാര്യ, ഗാർഗി ചാറ്റർജി, മയൂഖ് ബിശ്വാസ് എന്നിവർ സ്ഥലത്തെത്തി പ്രതിഷേധിച്ചു. റെയിൽവേ മന്ത്രിയുമായി സംസാരിക്കാൻ ഒരു ദിവസത്തെ സമയം അനുവദിക്കണമെന്ന് താരിത് തോപ്ദാർ ആവശ്യപ്പെട്ടെങ്കിലും അധികൃതർ ഇത് തള്ളിക്കളഞ്ഞു. വർഷങ്ങളായി കച്ചവടം നടത്തിയിരുന്ന പലരും തങ്ങളുടെ സ്ഥാപനങ്ങൾ തകരുന്നത് കണ്ട് സ്ഥലത്തിരുന്ന് പൊട്ടിക്കരഞ്ഞത് വൈകാരിക രംഗങ്ങൾ സൃഷ്ടിച്ചു.