കട്ടേല ട്രൈബൽ റസിഡൻഷ്യൽ സ്കൂളിലെ പ്രവേശനോത്സവത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെ മിഠായി വിതരണം ചെയ്ത സംഭവം അങ്ങേയറ്റം അപലപനീയമാണെന്നും, ഇതിൽ വി. മുരളീധരൻ എം.എൽ.എ മാപ്പ് പറയണമെന്നും എ.എ. റഹീം എം.പി ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “നീട്ടിയ കൈകളിലേക്ക് ഒരു മിഠായി കൈമാറിയാൽ തകർന്നുവീഴുന്ന ഒരു ഗോപുരവും ഇവിടെയില്ല മിസ്റ്റർ എം.എൽ.എ” എന്ന് പറഞ്ഞുകൊണ്ടാണ് റഹീമിന്റെ കുറിപ്പ് ആരംഭിക്കുന്നത്.
മനസ്സിൽ മനുസ്മൃതി സൂക്ഷിക്കുന്നത് കൊണ്ടാണോ സഹജീവികളെ തൊടാൻ പോലും എം.എൽ.എ തയ്യാറാകാത്തതെന്ന് അദ്ദേഹം ചോദിച്ചു. കുരുന്നുകളായ വിദ്യാർത്ഥികളോട് ഇത്തരത്തിൽ പെരുമാറാൻ അയിത്തം ആഘോഷമാക്കുന്നവർക്കേ സാധിക്കൂ എന്നും എ.എ. റഹീം കൂട്ടിച്ചേർത്തു.
മനുസ്മൃതിയല്ല, മറിച്ച് അംബേദ്കറും ഭരണഘടനയുമാണ് ആ കുഞ്ഞുങ്ങളുടെ വഴിവിളക്കെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾ പഠിക്കുന്ന സ്കൂളിൽ നടന്ന ഈ സംഭവം വലിയ രീതിയിലുള്ള രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.
