നാല് പതിറ്റാണ്ടിലേറെ നീണ്ട കഠിനമായ രാഷ്ട്രീയ പോരാട്ടങ്ങൾക്കൊടുവിൽ കർണാടകയുടെ മുഖ്യമന്ത്രി പദത്തിലേക്ക് ഡി.കെ. ശിവകുമാർ എത്തുമ്പോൾ അത് ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ ഒരു വലിയ ചരിത്രമായി മാറുകയാണ്. സാധാരണ കുടുംബത്തിൽ നിന്നും വന്ന് കനകപുര സ്വന്തം രാഷ്ട്രീയ കോട്ടയാക്കി മാറ്റിയ ശിവകുമാർ, കനത്ത വെല്ലുവിളികളും തിരിച്ചടികളും മറികടന്നാണ് സംസ്ഥാനത്തിന്റെ പരമോന്നത പദവിയിലേക്ക് ഉയരുന്നത്.
എന്നാൽ, ഈ അധികാര ലബ്ധിക്കൊപ്പം ഇന്ത്യയിലെ ഏറ്റവും ധനികനായ മുഖ്യമന്ത്രിയെന്ന അപൂർവ്വ വിശേഷണവും ഇനി ഡി.കെ. ശിവകുമാറിന് സ്വന്തമാണ്.
2023-ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലം പ്രകാരം ഡി.കെ. ശിവകുമാറിന്റെ കുടുംബത്തിന്റെ ആസ്തി വിവരങ്ങൾ ഇങ്ങനെയാണ്:
ആകെ ആസ്തി: 1,413.78 കോടി രൂപ (ഇതിൽ 972.65 കോടി രൂപയുടെ സ്വത്തുക്കൾ ശിവകുമാറിന്റെ നേരിട്ടുള്ള പേരിലാണ്). 1,140.36 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും 273.42 കോടി രൂപയുടെ ജംഗമ സ്വത്തുക്കളും. ബാധ്യതകൾ: 263 കോടി രൂപ. 2018-ൽ 840.08 കോടി രൂപയായിരുന്ന കുടുംബ ആസ്തിയാണ് വെറും അഞ്ച് വർഷം കൊണ്ട് 1,400 കോടി കടന്നത്.
ഡി.കെ. ശിവകുമാറിന്റെ സഹോദരനും മുൻ ലോക്സഭാംഗവുമായ ഡി.കെ. സുരേഷും വൻ സമ്പത്തിന് ഉടമയാണ്. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം 593 കോടി രൂപയുടെ ആസ്തിയാണ് സുരേഷിനുള്ളത്. ഭൂമി, വാണിജ്യ കെട്ടിടങ്ങൾ, സ്വർണ്ണം, വെള്ളി, വൻ നിക്ഷേപങ്ങൾ എന്നിവയുള്ള ഡി.കെ. കുടുംബം കർണാടക രാഷ്ട്രീയത്തിലെയും വ്യവസായ ലോകത്തെയും ഏറ്റവും ശക്തമായ സാന്നിധ്യമായി ഇതോടെ മാറിക്കഴിഞ്ഞു.
1989-ൽ ആദ്യമായി നിയമസഭയിലെത്തിയ ശിവകുമാർ, ഇന്ന് സമ്പത്തിന്റെയും അധികാരത്തിന്റെയും പരകോടിയിൽ എത്തിനിൽക്കുമ്പോഴും കനകപുരയിലെ സാധാരണ ജനങ്ങൾക്കിടയിൽ തുടങ്ങിയ തന്റെ രാഷ്ട്രീയ അടിത്തറ തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ കരുത്ത്.
