ചീഫ് സെക്രട്ടറിയെയും സര്‍ക്കാരിനെയും വിമര്‍ശിച്ചതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ ബി.അശോകിന്റെയും എന്‍ പ്രശാന്തിന്റെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ഫയലില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ ഒപ്പിട്ടു. പ്രശാന്ത് കഴിഞ്ഞ രണ്ടുവര്‍ഷമായും ബി അശോക് ഒന്നരവര്‍ഷമായും സസ്‌പെന്‍ഷനിലാണ്.

വിമര്‍ശിച്ചതിന്റെ പേരിലെടുത്ത നടപടി അനാവശ്യമാണെന്ന് കണക്കിലെടുത്താണ് സര്‍ക്കാര്‍ നടപടി. സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ കടുത്ത ക്ഷാമം നേരിടുമ്പോള്‍ 2 പേര്‍ പുറത്തുനില്‍ക്കുന്നത് ഉചിതമല്ലെന്നും സര്‍ക്കാര്‍ വിലയിരുത്തി.

ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെ സമൂഹമാധ്യമത്തിലൂടെ വിമര്‍ശിച്ചതിന്റെ പേരില്‍ രണ്ടു വര്‍ഷത്തോളമായി സസ്‌പെന്‍ഷനിലാണു പ്രശാന്ത്. പിണറായി വിജയനെയും മുന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും വിമര്‍ശിച്ച് അഭിമുഖം നല്‍കിയതിനു പിന്നാലെയാണ് അശോകിനെ സസ്‌പെന്‍ഡ് ചെയ്തത്. അനുവാദമില്ലാതെ മാധ്യമങ്ങളോടു സംസാരിച്ചു, സര്‍ക്കാരിന്റെ പ്രതിഛായ മോശമാക്കി തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനു മേല്‍ ചുമത്തിയത്.