എം.ജി സർവ്വകലാശാലയിലെ 30 അംഗ സെനറ്റിലേക്ക് ബി.ജെ.പി – ആർ.എസ്.എസ് പശ്ചാത്തലമുള്ളവരെ നാമനിർദ്ദേശം ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത വിമർശനവുമായി മുൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു രംഗത്ത്. മുൻ എൽ.ഡി.എഫ് സർക്കാരാണ് ഗവർണർക്ക് പാനൽ നൽകിയതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് അവർ വ്യക്തമാക്കി.

ആർ. ബിന്ദുവിന്റെ പ്രധാന ആരോപണങ്ങൾ: കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ അങ്ങനെയൊരു പാനലും ചാൻസലർക്ക് സമർപ്പിച്ചിട്ടില്ല. സെനറ്റിലേക്ക് നടന്നത് ഗവർണർ സ്വന്തം ഇഷ്ടപ്രകാരം നടത്തിയ നിയമനങ്ങളാണ്. പുതിയ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നിട്ടും ഈ വിവാദ നിയമനങ്ങളെക്കുറിച്ച് ഒരു അഭിപ്രായവ്യത്യാസം പോലും രേഖപ്പെടുത്താൻ തയ്യാറായിട്ടില്ല.

യൂണിവേഴ്സിറ്റികളിൽ കാവിവൽക്കരണം നടത്താൻ ഗവർണർ തുടക്കമിട്ട പദ്ധതികൾ പുതിയ യു.ഡി.എഫ് സർക്കാർ യാതൊരു തടസ്സവുമില്ലാതെ മുന്നോട്ട് കൊണ്ടുപോവുകയാണ്. കഴിഞ്ഞ ഫെബ്രുവരി മാസത്തോടെ തന്നെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നിരുന്നു. പുതിയ സർക്കാർ വന്നതിനുശേഷം നടക്കുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തം മുൻ സർക്കാരിന്റെ തലയിൽ കെട്ടിവെക്കേണ്ടതില്ലെന്നും ആർ ബിന്ദു പറഞ്ഞു.