സിപിഐ എമ്മിൽ ആര് നേതാവാകണമെന്ന് നിശ്ചയിക്കുന്നത് മാധ്യമങ്ങളല്ല, പാർട്ടിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ മാസ്റ്റർ . പാർടി യോഗങ്ങളിൽ നടന്നതെന്ന പേരിൽ യഥാർത്ഥ്യത്തിന്റെ കണിക പോലുമില്ലാത്ത വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസമായി ചില മാധ്യമങ്ങൾ കെട്ടിച്ചമച്ചു പ്രചരിപ്പിക്കുന്നത്. ‘എന്നെയും പിണറായിയെയും മാറ്റിയിട്ട് മറ്റാരെ വെക്കും, അത് നടക്കില്ല’ എന്ന രീതിയിൽ തിരുവനന്തപുരത്തെ യോഗത്തിൽ താൻ റിപ്പോർട്ട് ചെയ്തു എന്ന വാർത്ത തികച്ചും മാധ്യമസൃഷ്ടിയാണ്.
ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംഘടനാരീതിയെന്നും, ഇത്തരം കള്ളപ്രചാരണങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം സൃഷ്ടിക്കുന്നതിനൊപ്പം വ്യാജ വാർത്തകൾക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് വിശദമായ പരിശോധനയാണ് പാർട്ടി ആകെ നടത്തിവരുന്നത്. പാർട്ടി പ്രവർത്തകർ ബ്രാഞ്ച് യോഗങ്ങളിൽ വരെ ഉന്നയിച്ച വിമർശനങ്ങൾ പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ പാർട്ടി വരുത്തുന്നുണ്ട്. തെറ്റ് പറ്റിയാൽ ഏത് വലിയ നേതാവിനെയും വിമർശിക്കാനും തിരുത്താനും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കഴിയും, ഇത് എല്ലാ നേതാക്കൾക്കും ഒരുപോലെ ബാധകവുമാണ്.
ഇതിനൊപ്പം പുതിയ കാലത്തെ വെല്ലുവിളികൾ നേരിടാൻ പൊതുജനങ്ങളിൽ നിന്നും പാർട്ടി നിർദ്ദേശങ്ങൾ തേടിയിരുന്നു. പതിനായിരക്കണക്കിന് അഭിപ്രായങ്ങളാണ് പൊതുജനങ്ങളിൽ നിന്ന് ഇതിനകം ലഭിച്ചത്. ഇത് ജനങ്ങൾക്ക് പാർട്ടിയിലുള്ള വലിയ വിശ്വാസത്തെയാണ് കാണിക്കുന്നത്.
പൊതുജനങ്ങളിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങൾ കൂടി സമഗ്രമായി പരിഗണിച്ച്, വരാനിരിക്കുന്ന ആഗസ്റ്റ് മാസത്തിലെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ കൃത്യമായ കർമ്മപദ്ധതിക്ക് പാർട്ടി രൂപം നൽകും. സിപിഐ എം നടത്തുന്ന ഈ മാതൃകാപരമായ തിരുത്തൽ പ്രക്രിയയ്ക്ക് തുരങ്കം വെക്കാനും, നിലവിലെ യുഡിഎഫ് സർക്കാരിനെതിരായ ജനരോക്ഷം മാധ്യമശ്രദ്ധയിൽ നിന്ന് മറച്ച് വയ്ക്കാനുമാണ് വലതുപക്ഷ മാധ്യമങ്ങൾ ഇത്തരം വ്യാജവാർത്തകളിലൂടെ നിരന്തരം ശ്രമിക്കുന്നത്. അതിനാൽ പാർട്ടിയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തരം കള്ളപ്രചരണങ്ങളെ ജനങ്ങൾ പൂർണ്ണമായും തള്ളിക്കളയണമെന്ന് എം. വി. ഗോവിന്ദൻ മാസ്റ്റർ ആഹ്വാനം ചെയ്തു.
