പാറശ്ശാല താലൂക്ക് ആശുപത്രിയിൽ മൂന്ന് വയസുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി ആരോപണം. പാറശ്ശാല തളച്ചാൻവിള സ്വദേശിയുടെ മകളെയാണ് ചികിത്സയ്ക്കിടെ കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ ശേഷം ഡ്രിപ്പ് ഇട്ടതെന്നാണ് കുടുംബത്തിന്റെ പരാതി.
കുട്ടിക്ക് നൽകിയ മരുന്നിന്റെ കാലാവധി കഴിഞ്ഞത് കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തെ തുടർന്ന് പ്രദേശത്ത് പ്രതിഷേധം ശക്തമായി.ഡിവൈഎഫ്ഐ പാറശ്ശാല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധം കണക്കിലെടുത്ത് സ്ഥലത്ത് വലിയ പൊലീസ് സന്നാഹം വിന്യസിച്ചിരുന്നു. ആശുപത്രിയുടെ പ്രധാന പ്രവേശന കവാടത്തിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
അതേസമയം, വിഷയത്തിൽ ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. ആശുപത്രിയിലെ പഴയ കെട്ടിടത്തിൽ നിന്ന് പുതിയ കെട്ടിടത്തിലേക്ക് മരുന്നുകൾ മാറ്റുന്നതിനിടെ ഉണ്ടായ പിഴവാകാമെന്നാണ് പ്രാഥമിക വിശദീകരണം. സംഭവത്തെക്കുറിച്ച് വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
