ജനസംഖ്യാ കണക്കെടുപ്പ് (സെൻസസ്) രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തി ബോധപൂർവം വൈകിപ്പിച്ച കേന്ദ്ര സർക്കാർ ഇപ്പോൾ ‘ജനസംഖ്യാ വ്യതിയാന സമിതി’ രൂപീകരിച്ച് വർഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു.
ദേശീയ സുരക്ഷയുടെ പേരിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച സമിതി, സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ ഭീതിയും വിഭജനവും സൃഷ്ടിക്കാനുമുള്ള രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ജൂൺ 13ന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമിതിയുടെ പ്രവർത്തനം വിലയിരുത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ഉൾപ്പെടെയുള്ള നേതാക്കളുടെ രാഷ്ട്രീയ പ്രസംഗങ്ങളിലെ ആശയങ്ങളാണ് സമിതിയുടെ പ്രവർത്തനത്തിന് അടിസ്ഥാനമാക്കിയിരിക്കുന്നതെന്നും പൗരത്വ ഭേദഗതി നിയമം (CAA), ദേശീയ ജനസംഖ്യാ രജിസ്റ്റർ (NPR), ദേശീയ പൗരത്വ രജിസ്റ്റർ (NRC) എന്നിവയുടെ തുടർച്ചയായാണ് ഈ നീക്കത്തെ കാണേണ്ടതെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു.
ഔദ്യോഗിക സെൻസസ് വിവരങ്ങൾ ലഭ്യമാകുന്നതിന് മുമ്പുതന്നെ അതിർത്തി ജില്ലകളിലും മെട്രോ നഗരങ്ങളിലുമുള്ള ജനസംഖ്യാ വ്യതിയാനങ്ങൾ പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചതിലൂടെ സംഘപരിവാർ രാഷ്ട്രീയത്തിന് ഉത്തേജനം നൽകുകയാണ് കേന്ദ്രമെന്നും അദ്ദേഹം ആരോപിച്ചു. മതത്തിന്റെ അടിസ്ഥാനത്തിൽ ജനസംഖ്യാ വ്യതിയാനം പഠിക്കുന്ന ഇത്തരം നടപടികൾ ന്യൂനപക്ഷ വിഭാഗങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വോട്ടർപട്ടികയുടെ തീവ്ര പരിശോധനയുടെ മറവിൽ പൗരത്വ പരിശോധന നടത്താൻ കേന്ദ്ര സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും ശ്രമിച്ചുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. അതേ മാതൃകയിലാണ് ഇപ്പോൾ ചില പ്രദേശങ്ങളെ ലക്ഷ്യമാക്കി ജനസംഖ്യാ വ്യതിയാന പഠനം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാരുകളുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ് സമിതി രൂപീകരിച്ചതെന്നും ഇത് ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്നും പിണറായി വിജയൻ വിമർശിച്ചു. വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിച്ച് തെരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമിടുന്ന ആർഎസ്എസ് അജണ്ടയ്ക്കെതിരെ മതനിരപേക്ഷ രാഷ്ട്രീയ കക്ഷികൾ ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സെൻസസിന്റെ ഭാഗമായി ദേശീയ ജനസംഖ്യാ രജിസ്റ്റർ (NPR) കേരളത്തിൽ നടപ്പാക്കില്ലെന്ന് എൽഡിഎഫ് സർക്കാർ നേരത്തെ ഉറപ്പുനൽകിയിരുന്നുവെന്നും, നിലവിലെ സാഹചര്യത്തിൽ ആ ജാഗ്രത തുടരാൻ യുഡിഎഫ് സർക്കാരും തയ്യാറാകണമെന്ന് അഭ്യർഥിച്ചുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്കിൽ പ്രതികരിച്ചത്.
