ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് പകരം ‘വിബി ഗ്രാം ജി’ (VB-GRAM G) പദ്ധതി അടിച്ചേൽപ്പിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ജൂലൈ ഒന്നിന് സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും.

തൊഴിലുറപ്പ് അവകാശമാണ്, ഗ്രാമീണ തൊഴിൽ അട്ടിമറിക്കാൻ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാനത്തെ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലേക്ക് കർഷക തൊഴിലാളികൾ പ്രതിഷേധ പ്രകടനങ്ങളും ധർണ്ണയും നടത്തും.

ഗ്രാമസഭകളുടെ അധികാരം പൂർണ്ണമായും ദുർബലപ്പെടുത്തി, കോടിക്കണക്കിന് ഗ്രാമീണ തൊഴിലാളികളുടെ ജീവിതോപാധിയായ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, വിബി ഗ്രാം ജി പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. സംസ്ഥാന സർക്കാരും തൊഴിലുറപ്പിന് താഴിടാനുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്ന നിലപാടാണ് കൈക്കൊള്ളുന്നത്.

സംസ്ഥാനത്തിന്റെ പുതുക്കിയ ബജറ്റിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂലി നൽകാനുള്ള തുകയിൽ വലിയ കുറവാണ് വരുത്തിയിട്ടുള്ളത്. ഇത്തരത്തിലുള്ള നീക്കങ്ങളിലൂടെ ഗ്രാമീണ ജീവിതങ്ങളെ പട്ടിണിയിലേക്ക് തള്ളിയിടാനുള്ള നീക്കമാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നടത്തുന്നത്. കർഷക തൊഴിലാളികളുടേയും മറ്റ് പാവപ്പെട്ട ജനവിഭാഗങ്ങളുടേയും നിലനിൽപ്പിനായുള്ള ഈ പോരാട്ടത്തിൽ മുഴുവൻ ജനവിഭാഗങ്ങളും അണിചേരണമെന്ന് കെ എസ് കെ ടി യു സംസ്ഥാന കമ്മറ്റി അഭ്യർത്ഥിച്ചു.