അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതൽ വ്യാപിപ്പിച്ച് അന്വേഷണസംഘം. കേസിൽ ചില എസ്‌ബിഐ ജീവനക്കാരുടെയും പങ്ക് പരിശോധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
രാമക്ഷേത്രത്തിൽ ഭക്തർ സംഭാവന ചെയ്യുന്ന തുക എണ്ണി കണക്കാക്കാനുള്ള ചുമതല സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കായിരുന്നു നൽകിയിരുന്നത്. എന്നാൽ ഈ ചുമതല പിന്നീട് ഒരു സ്വകാര്യ ഏജൻസിക്ക് കൈമാറിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് എസ്‌ബിഐയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പൊലീസിന്റെ വിവരങ്ങൾ പ്രകാരം, ക്ഷേത്രത്തിലെ നാല് സംഭാവനപ്പെട്ടികളിൽ നിന്നുള്ള പണം എണ്ണുന്നതിനായി 14 അംഗ സംഘമാണ് പ്രവർത്തിച്ചിരുന്നത്. ഇതിൽ 11 പേർ ബാങ്ക് ജീവനക്കാരും മൂന്ന് പേർ ക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ടവരുമായിരുന്നു.
സംഭാവന തട്ടിപ്പിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നതായി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണത്തിനും സാധ്യത തെളിയുന്നതായാണ് വിവരം.
സംഭവം പുറത്തുവന്നതിന് പിന്നാലെ ബി.ജെ.പി, ആർ.എസ്.എസ് നേതൃത്വങ്ങൾക്കെതിരെ പ്രതിപക്ഷവും വിവിധ സംഘടനകളും ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തിൽ ഉത്തരപ്രദേശ് സർക്കാരിനും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ ചോദ്യങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് അന്വേഷണ ഏജൻസികൾ കൂടുതൽ വിശദമായ പരിശോധനകൾ ആരംഭിച്ചിരിക്കുന്നത്.
തട്ടിപ്പിന്റെ വ്യാപ്തി, പണം കൈകാര്യം ചെയ്ത രീതികൾ, സ്വകാര്യ ഏജൻസികളുടെ പങ്ക് എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. നിലവിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുകയും സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പരിശോധിക്കുകയും ചെയ്യുന്നുവെന്നാണ് സൂചന.
