അദാനി വിഴിഞ്ഞം പോർട്ട് കമ്പനിയുടെ 49 ശതമാനം ഓഹരികൾ ആഗോള ഷിപ്പിംഗ് കമ്പനിയായ എംഎസ്‌സിക്ക് (MSC) കൈമാറി 13,220 കോടി രൂപ സമാഹരിച്ചെന്ന വാർത്തകൾക്ക് പിന്നാലെ രൂക്ഷ വിമർശനവുമായി സിപിഐ എം നേതാവും രാജ്യസഭാംഗവുമായ ഡോ. ജോൺ ബ്രിട്ടാസ്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ഈ ഇടപാട് മുഖ്യമന്ത്രി കൂടിയായ തുറമുഖ വകുപ്പ് മന്ത്രി അറിയാതെ നടന്നുവെന്ന വാദം വിശ്വസിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പൊതുമുതലുകളിൽ ഒന്നാണെന്നും അത് ഏതെങ്കിലും ഒരു സ്വകാര്യ ഗ്രൂപ്പിന്റെ താൽപര്യങ്ങൾക്ക് വിട്ടുകൊടുക്കാനുള്ളതല്ലെന്നും ബ്രിട്ടാസ് വ്യക്തമാക്കി. തുറമുഖ വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കാണെന്നും വകുപ്പ് സെക്രട്ടറിയായി പ്രവർത്തിക്കുന്നത് മുഖ്യമന്ത്രിയുടെ സ്റ്റാഫിലെ ഉദ്യോഗസ്ഥനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ഇത്ര വലിയ ഇടപാട് സർക്കാരിന്റെ അറിവില്ലാതെ നടന്നുവെന്ന വിശദീകരണം അംഗീകരിക്കാനാകില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

വിഴിഞ്ഞം തുറമുഖത്തിന്റെ ആത്യന്തിക ഉടമസ്ഥാവകാശം കേരള സർക്കാരിനും സംസ്ഥാന ജനങ്ങൾക്കുമാണെന്നും അദാനി ഗ്രൂപ്പ് പദ്ധതിയുടെ നടത്തിപ്പിനുള്ള ചുമതല മാത്രമാണ് വഹിക്കുന്നതെന്നും ബ്രിട്ടാസ് പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ കേരള സർക്കാർ 5,554 കോടി രൂപ നിക്ഷേപിച്ചപ്പോൾ അദാനി ഗ്രൂപ്പിന്റെ നിക്ഷേപം 2,454 കോടി രൂപ മാത്രമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇപ്പോൾ കമ്പനിയുടെ 49 ശതമാനം ഓഹരി വിറ്റ് 13,220 കോടി രൂപ നേടുന്നതാണ് ചർച്ചയാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓഹരി കൈമാറ്റത്തിന് മുമ്പ് കേരള സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണെന്ന വ്യവസ്ഥ കരാറിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ബ്രിട്ടാസ്, അത്തരമൊരു അനുമതി നൽകിയിട്ടുണ്ടോ എന്ന കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടു. ഈ ഇടപാടിനെക്കുറിച്ച് അദാനി ഗ്രൂപ്പ് മുൻകൂട്ടി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയെ (SEBI) അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ അറിവില്ലാതെയാണ് ഈ നടപടികൾ നടന്നതെന്ന വാദം നിരവധി സംശയങ്ങൾ ഉയർത്തുന്നതാണെന്നും ബ്രിട്ടാസ് ആരോപിച്ചു. വിഷയത്തിൽ സർക്കാർ വിശദമായ മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.