ഇതര സംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ 'റിവേഴ്സ് റെമിറ്റൻസ്' പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ. അതിഥി തൊഴിലാളികളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് മുഖ്യമന്ത്രിയുടേതെന്നും അത് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

പുറത്തുനിന്ന് കേരളത്തിലെത്തുന്ന തൊഴിലാളികൾ ചെയ്യുന്ന സേവനത്തിനുള്ള പ്രതിഫലമാണ് അവർക്ക് ലഭിക്കുന്നതെന്നും, കുടുംബം പോറ്റാനാണ് സ്വന്തം നാട് വിട്ട് അവർ ഇവിടെ തൊഴിൽ ചെയ്യുന്നതെന്നും സച്ചിദാനന്ദൻ ചൂണ്ടിക്കാട്ടി. മലയാളികൾ രാജ്യത്തിനകത്തും വിദേശത്തും ജോലി ചെയ്ത് അയച്ച പണമാണ് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ വർഷങ്ങളായി താങ്ങിനിർത്തിയതെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ തൊഴിൽ ചെയ്യുന്നവർ വിദേശികളല്ലെന്നും, അവരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം തികച്ചും ലജ്ജാകരമാണെന്നും സച്ചിദാനന്ദൻ കുറിച്ചു. മുഖ്യമന്ത്രി തന്റെ പ്രസ്താവന പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ചായിരുന്നു മുഖ്യമന്ത്രി 'റിവേഴ്സ് റെമിറ്റൻസ്' പരാമർശം നടത്തിയത്. വിദേശത്തുനിന്നുള്ള പ്രവാസികളുടെ മടക്കവും സംസ്ഥാനത്ത് ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ വലിയ തോതിൽ വരുമാനം സ്വന്തം നാട്ടിലേക്ക് അയക്കുന്നതും കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ.

കേരളത്തിൽ ജോലി ചെയ്യുന്ന 40 മുതൽ 50 ലക്ഷം വരെയുള്ള ഇതര സംസ്ഥാന തൊഴിലാളികൾ സമ്പാദിക്കുന്ന പണം സംസ്ഥാനത്തിന് പുറത്തേക്ക് പോകുകയാണെന്നും, അതിൽ സർക്കാരിന് ലഭിക്കുന്നത് പ്രധാനമായും മദ്യവിൽപ്പനയിലൂടെയുള്ള വരുമാനമാണെന്നുമുള്ള മുഖ്യമന്ത്രിയുടെ പരാമർശം വിവാദമായിരുന്നു. ഈ പ്രസ്താവന അതിഥി തൊഴിലാളികളെ അപമാനിക്കുന്നതും മുൻവിധി നിറഞ്ഞതുമാണെന്ന വിമർശനം വിവിധ കോണുകളിൽ നിന്ന് ശക്തമായി ഉയരുകയാണ്.