ഏറെ വിവാദമായ കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതിനൽകിയ ഉത്തരവ് സർക്കാർ തിരുത്തും. കോടതിയുടെ നിർബന്ധപ്രകാരമാണ് സർക്കാരിന് വിചാരണ അനുമതി നൽകേണ്ടിവന്നതെന്ന പരാമർശവും പ്രതികൾക്ക് ഉത്തരവിനെതിരേ അപ്പീലിന് പോകാനുള്ള അവകാശമുണ്ടെന്ന നിർദേശവും വ്യവസായ വകുപ്പിന്റെ ഉത്തരവിലുണ്ടായിരുന്നു.

അടുത്ത ബുധനാഴ്ച കേസ് പരിഗണിക്കുമ്പോൾ തിരുത്തിയ ഉത്തരവ് നൽകും. പ്രതിസ്ഥാനത്തുള്ള ഐ.എൻ.ടി.യു.സി. പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അടക്കമുള്ളവരെ വിചാരണയിൽനിന്ന് രക്ഷിക്കാനാണ് അസാധാരണമായ ഈ നീക്കമെന്നായിരുന്നു ആരോപണം.


വിചാരണക്കോടതിയെപ്പോലെയാണ് ഹൈക്കോടതി പ്രവർത്തിക്കുന്നതെന്നും പരാമർശിച്ചിരുന്നു. ഇത് വിവാദമാകുകയും സർക്കാർ പ്രതിക്കൂട്ടിലാകുകയും ചെയ്തതോടെ ഉത്തരവ് തിരുത്താൻ വ്യാവസായ വകുപ്പിന് നിർദേശം നൽകുകയായിരുന്നു.

കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോൾ അഡ്വക്കേറ്റ് ജനറൽ ഈ ഉത്തരവ് ഹൈക്കോടതിയിൽ ഹാജരാക്കിയില്ല. ഉത്തരവ് തയ്യാറായെന്നും വ്യക്തതവരുത്താൻ രണ്ടുദിവസംകൂടി സമയം വേണമെന്നുമാണ് എ.ജി. ജെയ്ജു ബാബു ആവശ്യപ്പെട്ടത്. അതേസമയം ഉത്തരവിലെ വിവാദഭാഗങ്ങൾ കോടതിയിൽ നൽകുന്നതിന് മുൻപുതന്നെ ആർ. ചന്ദ്രശേഖരൻ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി. ഹൈക്കോടതിയുടെ പരാമർശം കാരണം വിചാരണാനുമതി നൽകാൻ സർക്കാർ നിർബന്ധിതരായി എന്നായിരുന്നു ചന്ദ്രശേഖരൻ ചൂണ്ടിക്കാട്ടിയത്. കേസിലെ ഒന്നാം പ്രതി കോർപ്പറേഷൻ എം.ഡി.യായിരുന്ന കെ.എ. രതീഷ്, രണ്ടാം പ്രതി ആർ. ചന്ദ്രശേഖരൻ എന്നിവർക്ക് അപ്പീലിന് പോകാനുള്ള അനുമതി ഉത്തരവിൽ ഉൾപ്പെടുത്തിയത് തികച്ചും അസാധാരണമാണെന്നാണ് രാഷ്ട്രീയ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.