കേരളത്തിൽ ഇപ്പോൾ നടക്കുന്നത് രണ്ട് പ്രധാന ‘ഡീലുകൾ’ ആണെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എംപി രംഗത്ത്. “കടകൾ നിറയെ ബക്കാർഡിയും കടൽ നിറയെ അദാനിയുമാണ് മുഖ്യമന്ത്രിയുടെ വിജയമന്ത്രം” എന്ന് അദ്ദേഹം വിമർശിച്ചു.
വിഴിഞ്ഞം വിഷയത്തിൽ കെ.സി. വേണുഗോപാലിന്റെ നിലപാടിലും റഹീം ചോദ്യമുയർത്തി. അദാനിക്ക് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമേ ‘സൂപ്പർ സർക്കാർ’ ആവാൻ കഴിയൂ എന്ന കെ.സി. വേണുഗോപാലിന്റെ പ്രസ്താവനയെ പരാമർശിച്ച അദ്ദേഹം, “കേരളം ഭരിക്കുന്നത് ബിജെപിയാണോ എന്ന ചോദ്യം ഇപ്പോൾ ജനങ്ങൾ തന്നെ ചോദിച്ചു തുടങ്ങിയിട്ടുണ്ട്” എന്ന് പറഞ്ഞു.
രാഹുൽ ഗാന്ധി അദാനിക്കെതിരെ ദേശീയതലത്തിൽ പോരാട്ടം നടത്തുമ്പോൾ കേരളത്തിൽ സംഭവിക്കുന്ന കാര്യങ്ങളിൽ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട് വ്യക്തമാക്കണമെന്നും റഹീം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ മംഗളൂരു സന്ദർശനത്തെ ചുറ്റിപ്പറ്റിയും അദ്ദേഹം സംശയങ്ങൾ ഉന്നയിച്ചു. തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ കോൺഗ്രസ് അധ്യക്ഷനെ കാണുന്ന പതിവ് ലംഘിച്ച് ആദ്യം അദാനി ഗ്രൂപ്പിന്റെ പ്രതിനിധികളെയാണ് സന്ദർശിച്ചതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
കോൺഗ്രസിനുള്ളിൽ രാഹുൽ ഗാന്ധിയുടെ നിലപാടുകളെ മറികടക്കാൻ കഴിയുന്ന ഒരു ‘പവർ ഗ്രൂപ്പ്’ രൂപപ്പെട്ടിട്ടുണ്ടോയെന്നും റഹീം ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്നത് ഇന്ദിരാഭവന്റെ താത്പര്യങ്ങൾക്കനുസരിച്ചല്ല, മറിച്ച് “മാരാർ ഭവന്റെ താത്പര്യങ്ങൾക്കനുസരിച്ചാണ്” എന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, അയോധ്യ രാമക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിലും എ.എ. റഹീം പ്രതികരിച്ചു. നിലവിൽ നടക്കുന്ന എസ്.ഐ.ടി അന്വേഷണത്തിൽ ഡിവൈഎഫ്ഐക്ക് വിശ്വാസമില്ലെന്നും, സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം. അത്തരമൊരു അന്വേഷണം മാത്രമേ സത്യം പുറത്തുകൊണ്ടുവരൂവെന്നും അദ്ദേഹം പറഞ്ഞു.
രാമക്ഷേത്ര വിഷയത്തിൽ സംഘപരിവാർ പ്രതിരോധത്തിലായിരിക്കുകയാണെന്നും, വിഷയത്തിൽ പ്രധാനമന്ത്രി തുടരുന്ന മൗനം ഗുരുതരമാണെന്നും എ.എ. റഹീം കുറ്റപ്പെടുത്തി.
