ക്രിമിനല്‍ കേസുകളില്‍ പ്രതിയായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന്റെ രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി. ഇതോടെ സുഗതന് ജയിലില്‍ തന്നെ തുടരേണ്ടി വരും. കഴിഞ്ഞ മാര്‍ച്ചില്‍ വട്ടിയൂര്‍ക്കാവ് വെള്ളക്കടവ് ജംക്ഷനില്‍ വച്ച് അരുവിപ്പുറം കുളുമല സ്വദേശി പ്രശാന്തിനെ മര്‍ദിച്ച കേസിലും, തൊട്ടടുത്ത മാസം കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ ആക്രമിച്ച കേസിലുമാണ് കോടതി ഇപ്പോള്‍ ജാമ്യം നിഷേധിച്ചിരിക്കുന്നത്.

വട്ടിയൂര്‍ക്കാവ്, നെടുമങ്ങാട് സ്റ്റേഷനുകളിലായി ആറ് വധശ്രമക്കേസുകള്‍ ഉള്‍പ്പെടെ പന്ത്രണ്ടോളം ഗുരുതര ക്രിമിനല്‍ കേസുകള്‍ സുഗതനെതിരെ നിലവിലുണ്ട്. ഭീഷണിപ്പെടുത്തല്‍, വഴിതടയല്‍, പൊലീസിനെ ആക്രമിക്കല്‍, വീടുകയറി വാഹനം തകര്‍ക്കല്‍, ഭീകരാന്തരീക്ഷം സൃഷ്ടിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന, മാരകായുധങ്ങള്‍ ഉപയോഗിച്ച് പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

നേരത്തെ കാപ്പ നിയമ പ്രകാരം നടപടി നേരിട്ടിരുന്ന സുഗതന് 2025 ല്‍ കര്‍ശന ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. ഈ ജാമ്യകാലയളവിലാണ് ഇയാള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചത്. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ ക്ഷേത്രോത്സവത്തിലെ ഗാനമേളയ്ക്കിടെ സിപിഎം പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ചതോടെ സുഗതനും കൂട്ടാളികളായ മണികണ്ഠന്‍, കിരണ്‍ എന്നിവര്‍ക്കുമെതിരെ പൊലീസ് വീണ്ടും വധശ്രമത്തിന് കേസെടുത്തു. തുടര്‍ന്ന് ഒളിവില്‍ പോയ ഇയാളെ ജൂണ്‍ ഒന്‍പതിന് വീടുവളഞ്ഞ് പൊലീസ് പിടികൂടുകയായിരുന്നു.

അറസ്റ്റിനിടെ പൊലീസിനെ ആക്രമിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തതോടെ വീണ്ടും കാപ്പ ചുമത്തി സുഗതനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു.