വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ഓഹരി കൈമാറ്റം ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങൾ പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യാത്തതിൽ കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കിടയിൽ അതൃപ്തി ശക്തമാകുന്നു. പ്രധാന രാഷ്ട്രീയ വിഷയങ്ങളിൽ നേതൃത്വത്തിന്റെ മൗനം പാർട്ടിക്കുള്ളിൽ ചർച്ചയായിരിക്കുകയാണ്.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സർക്കാർ നീക്കത്തെ വിമർശിച്ച് രംഗത്തെത്തിയ മുതിർന്ന കോൺഗ്രസ് നേതാവ്വി എം സുധീരൻ , ബജറ്റിൽ പ്രഖ്യാപിച്ച ഇളവിൽ നിന്ന് സർക്കാർ പിന്നോട്ടുപോകാത്തതിൽ എതിർപ്പ് അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ പാർട്ടി വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
ഇതിനിടെ, കെപിസിസി നേതൃയോഗം അടിയന്തരമായി വിളിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ജനറൽ സെക്രട്ടറി എം ആർ അഭിലാഷ് നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. കെ സി വേണുഗോപാൽ പക്ഷവുമായി അടുത്ത ബന്ധമുള്ള നേതാവായ അഭിലാഷിന്റെ ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ലെന്നാണ് വിവരം. നേതൃയോഗം വിളിക്കുന്നതിൽ തീരുമാനമാകാത്തത് കെ.സി. വേണുഗോപാൽ വിഭാഗത്തിലും അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്.
വിവാദ വിഷയങ്ങൾ പാർട്ടി വേദികളിൽ ചർച്ച ചെയ്യാൻ നേതൃത്വം തയ്യാറാകുന്നില്ലെന്ന ആക്ഷേപം വിവിധ വിഭാഗങ്ങളിൽ നിന്നുയരുന്നുണ്ട്. സംഘടനാ കാര്യങ്ങളിലും രാഷ്ട്രീയ വിഷയങ്ങളിലുമുള്ള ആശയവിനിമയക്കുറവ് പാർട്ടിക്കുള്ളിലെ ഭിന്നതകൾ കൂടുതൽ പ്രകടമാക്കുന്നതായാണ് വിലയിരുത്തൽ.
യുഡിഎഫ് യോഗം വിളിക്കാത്തതിലും ഘടകകക്ഷികൾക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. സർക്കാർ അധികാരത്തിലെത്തിയ ശേഷം മുന്നണി യോഗം ഒരു തവണ മാത്രമാണ് ചേർന്നത്. അടുത്ത യുഡിഎഫ് യോഗം ചേരുകയാണെങ്കിൽ പിഎം ശ്രീ പദ്ധതി ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങൾ ശക്തമായി ഉയർന്നുവരുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.
