സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ വിദ്യാർഥികളുടെ യാത്രാ കൺസഷൻ നിരക്ക് ഏകപക്ഷീയമായി വർധിപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി എസ്എഫ്ഐ രംഗത്തെത്തി. സർക്കാർ നിശ്ചയിച്ച നിരക്കിനേക്കാൾ കൂടുതൽ തുക ഈടാക്കുന്ന ബസുകളെ കേരളത്തിലെ റോഡുകളിൽ സർവീസ് നടത്താൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് മുന്നറിയിപ്പ് നൽകി.

വയനാട്ടിൽ ഒരു രൂപയായിരുന്ന വിദ്യാർഥി കൺസഷൻ തുക ചില സ്വകാര്യ ബസുകൾ മൂന്ന് രൂപയാക്കി ഉയർത്തിയതായി എസ്എഫ്ഐ ആരോപിച്ചു. കോഴിക്കോട്, കണ്ണൂർ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലെ വിവിധ റൂട്ടുകളിലും സമാനമായ രീതിയിൽ അമിത നിരക്ക് ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി. വിദ്യാർഥികളോടുള്ള വെല്ലുവിളിയാണ് ഈ നടപടിയെന്നും എസ്എഫ്ഐ ആരോപിച്ചു.

സർക്കാർ ഔദ്യോഗികമായി നിരക്ക് വർധിപ്പിക്കാതിരിക്കെ ബസ് ഉടമകൾക്ക് ഇത്തരമൊരു നടപടി സ്വീകരിക്കാൻ മൗനാനുവാദം ലഭിച്ചിട്ടുണ്ടോയെന്ന സംശയവും എസ്എഫ്ഐ ഉയർത്തി. സാധാരണയായി അധ്യയന വർഷാരംഭത്തിന് മുമ്പ് ജില്ലാ ഭരണകൂടങ്ങൾ വിളിച്ചുചേർക്കുന്ന വിദ്യാർഥി സംഘടനകളുടെ യോഗം ഇത്തവണ പല ജില്ലകളിലും നടന്നിട്ടില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി.

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് നൽകുന്ന സൗജന്യ യാത്രയുടെ പേരിൽ സ്വകാര്യ ബസ് ഉടമകൾക്കുണ്ടാകുന്ന സാമ്പത്തിക ബാധ്യത വിദ്യാർഥികളുടെ മേൽ ചുമത്താൻ അനുവദിക്കില്ലെന്ന് പി.എസ്. സഞ്ജീവ് പറഞ്ഞു. സ്ത്രീകൾക്ക് നൽകുന്നതുപോലെ തന്നെ വരുമാനമില്ലാത്ത വിദ്യാർഥികൾക്കും കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവച്ചു.

അമിത നിരക്ക് ഈടാക്കുന്നതിനെതിരെ എല്ലാ ജില്ലകളിലും ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് എസ്എഫ്ഐ പ്രചാരണ പരിപാടികളും നിരീക്ഷണ പ്രവർത്തനങ്ങളും സംഘടിപ്പിക്കുമെന്ന് നേതൃത്വം അറിയിച്ചു. ഏരിയ-യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവർത്തകരെ ബസ് സ്റ്റാൻഡുകളിൽ വിന്യസിച്ച് സർക്കാർ നിശ്ചയിച്ച കൺസഷൻ നിരക്ക് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും സംഘടന വ്യക്തമാക്കി.

അതേസമയം, ആർഎസ്എസുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ആർ. ശശികുമാറിനെ കേരള സർവകലാശാല സിൻഡിക്കേറ്റിലേക്ക് നിയമിച്ച സർക്കാർ തീരുമാനത്തിനെതിരെയും പി.എസ്. സഞ്ജീവ് വിമർശനമുന്നയിച്ചു. വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രതികരിക്കാത്തത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.

എംജി സർവകലാശാല വൈസ് ചാൻസലർ ആർഎസ്എസ് ആശയങ്ങൾ നടപ്പാക്കുകയാണെന്ന് പരസ്യമായി വ്യക്തമാക്കിയെന്നും കേരള സർവകലാശാലയിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട യൂണിയന് സത്യപ്രതിജ്ഞ ചെയ്യാൻ പോലും അനുമതി നൽകുന്നില്ലെന്നും എസ്എഫ്ഐ ആരോപിച്ചു. കേരളത്തിലെ സർവകലാശാലകളെ ആർഎസ്എസിന്റെ സ്വാധീനത്തിലേക്ക് വിടില്ലെന്നും മതനിരപേക്ഷത സംരക്ഷിക്കാൻ ശക്തമായ നിലപാട് തുടരുമെന്നും സംഘടന വ്യക്തമാക്കി.