ടിവികെ അധ്യക്ഷൻ ജോസഫ് വിജയ് പങ്കെടുത്ത റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള തമിഴ്നാട് സർക്കാരിന്റെ തീരുമാനത്തിനെതിരെ സിപിഐയും സിപിഐഎമ്മും രംഗത്ത്. അന്വേഷണം പുരോഗമിക്കുകയുമുള്ളതും വിഷയം കോടതിയുടെ പരിഗണനയിലുമുള്ള സാഹചര്യത്തിൽ ഇത്തരമൊരു തീരുമാനം നിയമനടപടികളെ ദുർബലപ്പെടുത്തുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം അഭിപ്രായപ്പെട്ടു.
2025 സെപ്റ്റംബർ 27-ന് ടിവികെയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർക്കാണ് ജീവൻ നഷ്ടമായത്. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള നീക്കത്തിനെതിരെ ഇടതുകക്ഷികൾ ശക്തമായ വിമർശനവുമായി രംഗത്തെത്തിയത്.
മുതിർന്ന സിപിഐ നേതാവും തിരുപ്പൂർ ലോക്സഭാ എംപിയുമായ കെ. സുബ്ബരായൻ, ഒരു രാഷ്ട്രീയ പാർട്ടിയുടെ പരിപാടിക്കിടെ ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് പറഞ്ഞു. ഇത്തരമൊരു തീരുമാനം ഭാവിയിൽ സമാന ആവശ്യങ്ങൾക്ക് വഴിവെക്കുകയും സർക്കാരുകൾക്ക് സമ്മർദം സൃഷ്ടിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഭവത്തിന്റെ ഉത്തരവാദിത്തം ആരുടേതാണെന്നും സുരക്ഷാ വീഴ്ചകൾ ഉണ്ടായോയെന്നും കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് സർക്കാർ സഹായ പ്രഖ്യാപനം വന്നിരിക്കുന്നത്. അതിനാൽ നിയമപരമായ നടപടികൾ പൂർത്തിയാകുന്നതിന് മുൻപ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നത് അനുചിതമാണെന്നാണ് ഇടതുകക്ഷികളുടെ നിലപാട്.
ടിവികെ റാലി ദുരന്തം തമിഴ്നാട്ടിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സംഭവത്തിൽ നിരവധി ചോദ്യങ്ങൾ ഉയർന്ന സാഹചര്യത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സിപിഐയും സിപിഐഎമ്മും ആവശ്യപ്പെട്ടു.
