എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിന്റെ അറസ്റ്റ് കോടതി തടഞ്ഞു. പട്യാല ഹൗസ് കോടതി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അറസ്റ്റ് തടഞ്ഞത്. കേസ് അടുത്ത തവണ പരിഗണിക്കുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞത്. കേസില്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഐഷി ഘോഷിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

2021 ല്‍ ഡല്‍ഹി ബംഗ്ലാ ഭവനില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലാണ് ഐഷി ഘോഷിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഈ കേസില്‍ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസ് കഴിഞ്ഞദിവസം ശ്രമം നടത്തിയിരുന്നു. അറസ്റ്റ് നടപടികള്‍ തടയണമെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഐഷി ഘോഷ് കോടതിയെ സമീപിച്ചത്.

2021ലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും ഇതുവരെ ഒരു തവണയൊഴികെ എല്ലാ ഹിയറിങ്ങിനും ഹാജരായിട്ടുണ്ടെന്നും ഐഷിക്ക് വേണ്ടി ഹാജരായ അഡ്വ.സുഭാഷ് ചന്ദ്രന്‍ കോടതിയെ അറിയിച്ചു. ഒരിക്കല്‍ ഡല്‍ഹിയില്‍ ഇല്ലാത്തതുകൊണ്ടാണ് ഹാജരാവാതിരുന്നത്. അതിനാല്‍ അറസ്റ്റ് വാറണ്ട് പിന്‍വലിക്കണമെന്നും ഐഷി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം സിപിഎമ്മിന്റെ ഡല്‍ഹിയിലെ ആസ്ഥാനമന്ദിരമായ എകെജി ഭവനില്‍ കടന്ന് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ഡല്‍ഹി പൊലീസിന്റെ നീക്കം വിവാദമായിരുന്നു. നീറ്റ് അടക്കമുള്ള പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ ജന്തര്‍മന്തറില്‍ സിജെപിയുടെ നേതൃത്വത്തില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ ഐഷി ഘോഷും സജീവമായി പങ്കെടുത്തിരുന്നു.