സംസ്ഥാനത്ത് കനത്ത മഴയും അതിനെ തുടർന്നുള്ള ദുരന്തസാഹചര്യങ്ങളും തുടരുന്ന പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സജീവമായി ഇടപെടാൻ പാർട്ടി പ്രവർത്തകരോട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.

സംസ്ഥാനത്തെ വിവിധ പ്രദേശങ്ങൾ വെള്ളപ്പൊക്കത്തിന്റെയും ഉരുൾപൊട്ടലിന്റെയും ഭീഷണി നേരിടുന്ന സാഹചര്യത്തിൽ നിരവധി മേഖലകളിൽ സിപിഎം പ്രവർത്തകർ ഇതിനോടകം രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുണ്ടെന്ന് സെക്രട്ടേറിയറ്റ് അറിയിച്ചു.

അപകടഭീഷണിയുള്ള പ്രദേശങ്ങളിലെ മുഴുവൻ ആളുകളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ പാർട്ടി പ്രവർത്തകർ ശ്രദ്ധിക്കണം. മഴയുടെ തീവ്രത കുറഞ്ഞതിന് ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകണമെന്നും നിർദേശത്തിൽ പറയുന്നു.

ദുരിതബാധിതർക്ക് ഭക്ഷണം, കുടിവെള്ളം, മരുന്ന് ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ ലഭ്യമാക്കാൻ പ്രത്യേക ശ്രദ്ധ നൽകണം. ദുരിതമേഖലകളിൽ ആരെങ്കിലും ഒറ്റപ്പെട്ടുപോകുകയോ സഹായം ലഭിക്കാതെ കുടുങ്ങിക്കിടക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനും പ്രവർത്തകർ ജാഗ്രത പുലർത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പങ്കാളികളായ സന്നദ്ധപ്രവർത്തകരെയും സർക്കാർ സംവിധാനങ്ങളെയും പാർട്ടി പ്രവർത്തകരെയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അഭിനന്ദിക്കുകയും അഭിവാദ്യം ചെയ്യുകയും ചെയ്തു.