കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദീപ്‌കെയ്ക്ക് ശനിയാഴ്ച ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള സ്വന്തം വസതിയിലെ പാർക്കിങ് ഏരിയയിൽ ആളുകളെ കാണുകയും സംസാരിക്കുകയും ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന് ക്ഷീണവും ഛർദിയും അനുഭവപ്പെട്ടത്.
രാവിലെ 11.45ഓടെ വസതിയിൽ കാത്തുനിന്ന അനുയായികളെയും സന്ദർശകരെയും കാണാനായി ദീപ്‌കെ താഴേക്കെത്തിയിരുന്നു. എന്നാൽ ആരോഗ്യപ്രശ്നം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കാതെ തന്നെ മുകളിലെ നിലയിലേക്ക് മടങ്ങുകയായിരുന്നു.
സംഭവത്തെ തുടർന്ന് ദീപ്‌കെയെ പരിശോധിക്കാൻ ഡോക്ടർമാരെ വിളിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ പിതാവ് അറിയിച്ചു. ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്നും കുടുംബവൃത്തങ്ങൾ അറിയിച്ചു.
അതേസമയം, ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ ജൂലൈ 25ന് തനിക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചതായി അഭിജിത് ദീപ്‌കെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ടെന്നും ചികിത്സ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.
ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷമേ ലഭ്യമാകൂവെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
